തെക്കന്‍ കാശിയില്‍ ആയിരങ്ങള്‍ ബലി തര്‍പ്പണം നടത്തി.

0

തെക്കന്‍ കാശിയെന്നറിയപെടുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ദിനത്തില്‍ ആയിരങ്ങള്‍ ബലി തര്‍പ്പണം നടത്തി. പ്രതികൂല കാലാവസ്ഥ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തിരക്ക് കുറവായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 2.30- മുതല്‍ പാപനാശിനിക്കരയില്‍ തുടങ്ങിയ പിതൃതര്‍പ്പണം 1.30 വരെ നീണ്ടു നിന്നു. ബലിതര്‍പ്പണത്തില്‍ ആയിരങ്ങള്‍ പിതൃപുണ്യ സായൂജ്യം തേടി. പാപനാശിനിക്കരയില്‍ നടത്തിയ ബലിതര്‍പ്പണത്തിന് ശുഭു പോറ്റി, ശ്രീധരന്‍ പോറ്റി, ദാമോദരന്‍ പോറ്റി, ശ്രീകുമാരന്‍ പോറ്റി, രഞ്ജിത്ത് നമ്പൂതിരി, രാമചന്ദ്രന്‍ നമ്പൂതിരി, ഗണേശന്‍ എമ്പ്രാന്തിരി, ഡി.കെ. അച്ചുതന്‍, കെ.എല്‍. രാമചന്ദ്രശര്‍മ്മ, കെ.എല്‍. ശങ്കരനാരായണ ശര്‍മ്മ തുടങ്ങിയവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ക്ഷേത്രത്തില്‍ നടത്തിയ പൂജകള്‍ക്ക് മേല്‍ശാന്തി ഇ.എന്‍. കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മികനായി. പ്രതികൂല കാലവസ്ഥ കണക്കിലെടുത്ത് മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ബാരിേക്കടുകള്‍ കെട്ടി സുരക്ഷ ഒരുക്കിയിരുന്നു. ശക്തമായ മഴയും ഗതാഗത തടസങ്ങളും കാരണം ബലിതര്‍പ്പണത്തിനെത്തിയവരുടെ എണ്ണം കുറഞ്ഞെങ്കിലും ആയിരകണക്കിനാളുകള്‍ ബലിതര്‍പ്പണത്തിന് എത്തിയിരുന്നു. കാട്ടിക്കുളത്ത് സ്വകാര്യ, ടാക്‌സി വാഹനങ്ങള്‍ തടയാന്‍ വാവുബലിയുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ യോഗത്തില്‍ തീരുമാനിച്ചെങ്കിലും തിരക്ക് കുറഞ്ഞതിനാല്‍ വാഹനങ്ങള്‍ തടയേണ്ടി വന്നില്ല. ക്ഷേത്രത്തിലെത്തിയ വിശ്വാസികള്‍ക്ക് ദേവസ്വം പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും സൗജന്യമായി നല്‍കി. പ്രതികൂല കാലാവസ്ഥയിലും വകുപ്പുകളുടെ ഏകോപനം ഇത്തവണയും ഉണ്ടായതായി. ക്ഷേത്രം അധികൃതര്‍ പറഞ്ഞു. എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.സി. സദാനന്ദന്‍, ട്രസ്റ്റി പി.ബി. കേശവദാസ്, ക്ഷേത്രം മാനേജര്‍ പി.കെ. പ്രേമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ സൗകര്യങ്ങളൊരുക്കിയത്. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ. വാസു ക്ഷേത്രത്തിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി.

Leave A Reply

Your email address will not be published.

error: Content is protected !!