റേഷന്‍ കാര്‍ഡ് അധികൃതര്‍ പിടിച്ചെടുത്തു; പരാതിയുമായി വയോധികന്‍

0

വയോധികന്റെ റേഷന്‍ കാര്‍ഡ് അധികൃതര്‍ പിടിച്ചെടുത്തതായി പരാതി. വെള്ളമുണ്ട ഒഴുക്കന്‍മൂല ചക്കിട്ടകുടിയില്‍ ആഗസ്റ്റി (80) യുടെ റേഷന്‍ കാര്‍ഡാണ് റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ വീട്ടിലെത്തി പിടിച്ചെടുത്തതായി പറയുന്നത്. അവിവാഹിതനും മറ്റ് ബന്ധുക്കളാരുമില്ലാത്ത ഇദ്ദേഹത്തെ വാര്‍ദ്ധക്യകാലത്ത് മൂത്ത പെങ്ങളുടെ മക്കളില്‍ ഒരാളായ തോമസും കുടുംബവുമാണ് പരിചരിചരിക്കുന്നത്.

എറണാകുളം ജില്ലയിലെ കല്ലൂര്‍ക്കാട് പൈങ്ങാട്ടറിയില്‍ നിന്ന് ചെറുപ്പകാലത്ത് വയനാട്ടിലേക്ക് കുടിയേറിയതാണ്. നല് പതിറ്റാണ്ടായി റേഷന്‍ കാര്‍ഡ് ഉള്‍പ്പടെ എല്ലാ രേഖകളുമുണ്ട്. ഇദ്ദേഹത്തെ സംരക്ഷിച്ചു പോരുന്ന ഓട്ടോ ഡ്രൈവറായ തോമസിനും കുടുംബത്തിനും വേറെ കാര്‍ഡുണ്ടെന്ന കാരണം പറഞ്ഞാണത്രെ ഇന്‍സ്‌പെക്ടര്‍ പരിശോധനക്കെന്ന് പറഞ്ഞ് വീട്ടിലെത്തി റേഷന്‍ കാര്‍ഡ് കൊണ്ടുപോയത്.

വീടില്ലാത്തതിനാല്‍ ആഗസ്റ്റി മാനിക്കല്‍ തോമസിനൊപ്പമാണ് താമസം. ഒരേ വീട്ടില്‍ രണ്ട് റേഷന്‍ കാര്‍ഡ് പാടില്ലെന്ന ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഡ് കൊണ്ടുപോയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അനാഥനും വീടില്ലാത്ത വൃദ്ധനുമായ ആഗസ്റ്റിയെ ആരും സംരക്ഷിക്കാനില്ലാത്തപ്പോള്‍ ഉപേക്ഷിക്കാതെ പരിചരിക്കുന്നതാണോ താന്‍ ചെയ്ത തെറ്റെന്ന് തോമസ് ചോദിക്കുന്നു.

പരിശോധനക്ക് ശേഷം അര്‍ഹതയുണ്ടങ്കില്‍ കാര്‍ഡ് തിരിച്ച് നല്‍കാമെന്ന് പറഞ്ഞെങ്കിലും ഒന്നര മാസമായിട്ടും നല്‍കിയിട്ടില്ല. മുമ്പ് റേഷന്‍ കാര്‍ഡ് പുതുക്കുന്ന സമയത്ത് 2017-ല്‍ വീട്ടു നമ്പറിന്റെ വിഷയം വന്നപ്പോള്‍ പ്രത്യേക ഹിയറിംഗ് നടത്തി അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയാണ് റേഷന്‍ കാര്‍ഡ് പുതുക്കി നല്‍കിയത്. മറ്റാവശ്യങ്ങള്‍ക്ക് മാസ്റ്ററിംഗ് നടത്തുമ്പോള്‍ റേഷന്‍ കാര്‍ഡ് ആവശ്യപ്പെടുന്നുണ്ട്. എല്ലാ രേഖയിലും ആഗസ്റ്റി ചക്കിട്ടും കുടിയില്‍ എന്നാണ് പേര്. അതുകൊണ്ട് മാനിക്കല്‍ തോമസ് എന്ന കുടുംബത്തോടൊപ്പം ചേര്‍ക്കാനും കഴിയില്ല. ഇതു സംബന്ധിച്ച് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ മറുപടി പോലും ലഭിച്ചിട്ടില്ല. ഇനി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് ഈ പാവങ്ങള്‍.

Leave A Reply

Your email address will not be published.

error: Content is protected !!