സേവനം തടസപ്പെടാനുണ്ടായ കാരണം അറിയിക്കാൻ മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പിനോട് ഐടി മന്ത്രാലയം ആവശ്യപ്പെട്ടു. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പിന്റെ സേവനങ്ങൾ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടിരുന്നു. സാങ്കേതിക പ്രശ്നങ്ങളാണ് ഇതിന് കാരണമെന്ന് കമ്പനി പിന്നീട് അറിയിച്ചു.
സംഭവത്തിന് പിന്നിൽ സൈബർ ആക്രമണമാണോ എന്നും ഐ ടി മന്ത്രാലയം പരിശോധിക്കുന്നുണ്ട്. ഐടി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിനാണ് (CERT-IN) മെറ്റ റിപ്പോർട്ട് സമർപ്പിക്കേണ്ടത്. വാട്ട്‌സ്ആപ്പിന്റെ എക്കാലത്തെയും ദൈർഘ്യമേറിയ തകരാറാണിതെന്നാണ് റിപ്പോർട്ടുകൾ. ഏതാണ്ട് രണ്ടു മണിവരെ വാട്ട്‌സ്ആപ്പ് പ്രവർത്തനരഹിതമായിരുന്നു. തുടക്കത്തിൽ ഏതാനും ഉപയോക്താക്കളെ മാത്രമാണ് ഇത് ബാധിച്ചത്. താമസിയാതെ പൂർണമായും നിലക്കുകയായിരുന്നു.
ഡെസ്ക്ടോപ്പിലും ലാപ്ടോപ്പിലും കണക്ട് ചെയ്ത് ഉപയോഗിക്കാവുന്ന വാട്ട്‌സ്ആപ്പ് വെബ്ബും ലഭ്യമായിരുന്നില്ല. വാട്ട്‌സ്ആപ്പിലെ പ്രവർത്തനത്തിലുണ്ടായ തകരാർ കമ്പനി ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. തങ്ങളുടെ ഭാഗത്തുണ്ടായ സാങ്കേതിക തകരാറാണ് പ്രശ്നത്തിന് കാരണമെന്നും അതു പരിഹരിച്ചതായും മെറ്റാ വക്താവ് അറിയിച്ചു. ഇറ്റലിയിൽ നിന്നും തുർക്കിയിൽ നിന്നുമുള്ള ഉപയോക്താക്കളും സന്ദേശങ്ങൾ അയയ്‌ക്കാൻ കഴിയാത്തതിനെ കുറിച്ച് പോസ്റ്റു ചെയ്‌തിരുന്നു. യുകെയിലുടനീളമുള്ള ഉപയോക്താക്കൾക്കും വാട്ട്‌സ്ആപ്പ് സേവനം മുടങ്ങിയതായി ബിബിസി റിപ്പോർട്ട് ചെയ്തു