കേന്ദ്ര വിഹിതം കുറഞ്ഞതോടെ സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു. നീല, വെള്ള കാര്‍ഡുകാര്‍ക്ക് ത്രൈമാസ മണ്ണെണ്ണ വിഹിതം ഒന്നര ലിറ്ററില്‍ നിന്ന് അരലിറ്ററാക്കി ചുരുക്കി. പിങ്ക്, മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള ത്രൈമാസ വിഹിതം മൂന്ന് ലിറ്ററില്‍ നിന്ന് ഒരുലിറ്ററാക്കി കുറച്ചു.
വൈദ്യുതി കണക്ഷന്‍ ഇല്ലാത്തവര്‍ക്ക് 12 ലിറ്റര്‍ നല്‍കിയിരുന്നത് എട്ട് ലിറ്ററായി കുറച്ചു. കേന്ദ്ര വിഹിതം കുറഞ്ഞ സാഹചര്യത്തില്‍ അടുത്ത മൂന്ന് മാസത്തേക്കാണ് മണ്ണെണ്ണ വിതരണത്തില്‍ കുറവുവരുത്തി സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഉത്തരവിറക്കിയത്. എല്ലാ വിഭാഗത്തിനും മണ്ണെണ്ണ വില ലിറ്ററിന് 38 രൂപയില്‍ നിന്ന് 41 ആയി വര്‍ധിപ്പിച്ചിട്ടുമുണ്ട്.മൂന്ന് മാസത്തേക്കുള്ള വിഹിതം നാളെമുതല്‍ നല്‍കിത്തുടങ്ങാനാണ് റേഷന്‍ കടക്കാരുടെ തീരുമാനം.
അതേസമയം കോവിഡ് കാലത്ത് റേഷനും കിറ്റും നല്‍കുന്ന റേഷന്‍ വ്യാപാരികളെ സര്‍ക്കാര്‍ അവഗണിച്ചുവെന്ന പ്രതിഷേധത്തിലാണ് വ്യാപാരികള്‍. കോവിഡ് ബാധിച്ച് 21 റേഷന്‍ വ്യാപാരികള്‍ മരിച്ചിട്ടും വാക്‌സിന്‍ മുന്‍ഗണന, നഷ്ടപരിഹാരം, ബയോമെട്രിക് ഒഴിവാക്കല്‍ എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിലുള്ള അമര്‍ഷത്തിലാണ് വ്യാപാരികള്‍. അതിനാല്‍ റേഷന്‍ കടകള്‍ ഒരുദിവസം അടച്ചിട്ട് ബലിദിനം ആചരിക്കാനുള്ള ആലോചനയിലാണ് വ്യാപാരി സംഘടനകള്‍.