ബഫര്‍സോണില്‍ നിന്ന് ജനവാസ മേഖലകളെ പൂര്‍ണമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. ഇതിന് ആവശ്യമെങ്കില്‍ കേന്ദ്ര ഗവണ്‍മെന്റ് നിയമനിര്‍മ്മാണം നടത്തണം. സുപ്രീം കോടതി വിധിയില്‍ കേന്ദ്ര ഗവണ്‍മെന്റ് തിരുത്തല്‍ ഹര്‍ജി കൊടുക്കണം. വനസംരക്ഷണം കണ്‍കറന്റ് ലിസ്റ്റിലായതുകൊണ്ട് തിരുത്തല്‍ ഹര്‍ജിയില്‍ സംസ്ഥാനം കക്ഷി ചേരുമെന്ന് മുന്‍ എംഎല്‍എ സികെ ശശീന്ദ്രന്‍. വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയിയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ജില്ലയില്‍ വ്യാപകമാവുകയാണ്.
ബഫര്‍സോണില്‍ നിന്ന് ജനവാസമേഖലകളെ പൂര്‍ണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഈ മാസം 12 ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് ഹര്‍ത്താല്‍.സംരക്ഷിത വന പ്രദേശങ്ങളുടെ പരിസ്ഥിതി ലോല മേഖയില്‍നിന്നു ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും, ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നുമാണ് ഹര്‍ത്താലിന്റെ പ്രധാന ആവശ്യം. ജില്ലയിലെ ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന സുപ്രീം കോടതിയുടെ ബഫര്‍സോണ്‍ വിധിക്കെതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത് വന്നിട്ടുണ്ട്.വിവിധ കര്‍ഷക സംഘടനകളും മത-സാമുദായിക സംഘടനകളും പ്രക്ഷോഭങ്ങളുമായി വരും ദിവസങ്ങളില്‍ കടന്നുവരുമെന്നാണ് സൂചന.