അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ കൊച്ചി എഡിഷന് നാളെ തുടക്കമാകും
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ കൊച്ചി എഡിഷന് നാളെ തുടക്കമാകും. ആറ് തിയറ്ററുകളിലായി 80 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഡെലിഗേറ്റ് പാസ് വിതരണവും കൊവിഡ് പരിശോധനയും ഇന്നലെ മുതല്‍ ആരംഭിച്ചു. 23 വര്‍ഷങ്ങള്‍ക്കു ശേഷം അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് കൊച്ചി വേദിയാകുമ്പോള്‍ സിനിമാ ആസ്വാദകര്‍ ആവേശത്തിലാണ്. മേളയുടെ അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
ഡെലിഗേറ്റ് പാസുകളുടെ വിതരണം ഇന്നലെ മുതല്‍ തുടങ്ങി. ആദ്യ പാസ് സിനിമാ താരം മംമ്താ മോഹന്‍ദാസ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലില്‍ നിന്ന് ഏറ്റുവാങ്ങി. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് മാത്രമേ പാസുകള്‍ ലഭിക്കൂ. മേളയുടെ മുഖ്യവേദിയായ സരിത തിയറ്ററില്‍ ക്രമീകരിച്ചിട്ടുള്ള നാല് കൗണ്ടറുകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ആരോഗ്യ വകുപ്പുമായി സഹകരിച്ച് സൗജന്യ കൊവിഡ് പരിശോധനക്ക് ചലച്ചിത്ര അക്കാദമി സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇന്നലെ മാത്രം 476 പേര്‍ കൊവിഡ് പരിശോധന നടത്തി. തിരുവനന്തപുരത്ത് സമാപിച്ച മേളയിലെ 80 ചിത്രങ്ങള്‍ തന്നെയാകും കൊച്ചിയിലും പ്രദര്‍ശിപ്പിക്കുക. എന്നാല്‍ പ്രദര്‍ശന സമയത്തിലും റിസര്‍വേഷന്‍ സമയത്തിലും മാറ്റമുണ്ടാകും.