ബാണസുര ചിലപ്പനെ ആകാശ ദ്വീപുകളില്‍ സര്‍വേയില്‍ കണ്ടെത്തിയതിന്റെ ആഹ്ലാദത്തില്‍ പക്ഷിനിരീക്ഷകര്‍. സംസ്ഥാന വനം-വന്യജീവി വകുപ്പും ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്ഡ് വൈല്‍ഫ് ബയോളജിയും സംയുക്തമായി വയനാടന്‍ മലനിരകളിലെ ആകാശദ്വീപുകളെ കേന്ദ്രീകരിച്ചാണ് സര്‍വേ സംഘടിപ്പിച്ചത്.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വംശനാശ ഭീഷണി നേരിടുന്ന കാട്ടുപക്ഷികളില്‍ ഒന്നാണ് ബാണസുര ചിലപ്പന്‍.1500 മീറ്ററിന് മുകളിലുള്ള സവിശേഷ ആവാസവ്യവസ്ഥ നിലനില്‍ക്കുന്ന പര്‍വതശിഖരങ്ങളെയാണ് ആകാശദ്വീപുകളായി കണക്കാക്കുന്നത്.
ആഗോളതലത്തില് ബാണാസുര ചിലപ്പന്‍ നിലനില്ക്കുന്നത് വയനാട് ജില്ലയിലെ മൂന്ന് മലനിരകളെ മാത്രം കേന്ദ്രീകരിച്ചാണ്. ഈയിനം പക്ഷികളുടെ എണ്ണം വെറും 2500ല് താഴെ മാത്രമാണ്. സൗത്ത്, നോര്ത്ത് വയനാട് ഡിവിഷനുകളിലെ 18 ഓളം പ്രദേശങ്ങളില് തെക്കേ ഇന്ത്യയുടെ വിവിധഭാഗങ്ങളില്‌നിന്നുള്ള 58 ഓളം പക്ഷിനിരീക്ഷകര് രണ്ടുദിവസം നടത്തിയ സര്വേയില് 177 ഇനം പക്ഷികളെ കണ്ടെത്തി. സമുദ്രനിരപ്പില്‌നിന്നും 1500 മുതല് 2100 മീറ്റര്വരെ ഉയരത്തില് സ്ഥിതിചെയ്യുന്ന കുറിച്ച്യാര്മല, ബാണാസുരമല, സൂര്യമുടി, ബ്രഹ്‌മഗിരി, ചെമ്ബ്ര, വെള്ളരിമല, മണ്ടമല, അമ്ബമല, വണ്ണാത്തിമല എന്നീ മലനിരകളില്‌നിന്ന് 45ഓളം ഇനങ്ങളെയാണ് കണ്ടെത്താനായത്. നിരവധി തദ്ദേശീയവും വംശനാശഭീഷണി നേരിടുന്നതുമായ ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ് ഈ മലനിരകള്. വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂള് ഒന്നില് ഉള്‌പ്പെടുന്ന 19ഓളം പരുന്തുകള്, അഞ്ചിനം പ്രാവുകള്, ഏഴിനം മരംകൊത്തികള്, മൂന്നിനം ഡ്രോങ്കോകള്, ആറിനം ബുള്ബുളുകള് മൂന്നിനം കാടുമുഴക്കികള് എട്ടിനം പാറ്റപിടിയന്മാര് എന്നിവയെയും കണ്ടെത്തി. ഡി.എഫ്.ഒ ഷജ്‌ന കരീം, കല്പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫിസര് ജോസ്, മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസര് ഹരിലാല്, മാനന്തവാടി റേഞ്ച് ഫോറസ്റ്റ് ഓഫിസര് രമ്യ, ബേഗൂര് റേഞ്ച് ഫോറസ്റ്റ് ഓഫിസര് ഷാജി എന്നിവരാണ് ഫീല്ഡ്തല പ്രവര്ത്തനങ്ങള് ഏകോപിപ്പിച്ചത്.