2017 ഓഗസ്റ്റിലാണ് ചൂരല്‍മല സ്വദേശിയായ അബ്ദുള്‍ സമദുമായി ഫര്‍സാനയുടെ വിവാഹം. വിവാഹശേഷം ഗൂഡല്ലൂരില്‍ മൊബൈല്‍ ഷോപ്പ് തുടങ്ങിയ അബ്ദുള്‍ സമദ് താമസം അവിടേക്ക് മാറ്റുകയായിരുന്നു. 2020 ജൂണ്‍ 18ന് വൈകീട്ടാണ് മകള്‍ മരിച്ചെന്ന് പറഞ്ഞ് അബ്ദുള്ളക്ക് ഫോണ്‍ വന്നത്. ഗൂഡല്ലൂരിലെത്തിയ അബ്ദുള്ളക്കും കുടുംബത്തിനും ഒരു ദിവസത്തിന് ശേഷമാണ് മകളുടെ മൃതദേഹം കാണാന്‍ സാധിച്ചത്.
മകള്‍ താമസിച്ച വീട്ടിലെത്തിയ ശേഷമാണ് ആത്മഹത്യയല്ല കൊലപാതകമാണെന്ന് മനസിലായത്. ഈ വിവരം പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും അബ്ദുള്ളയെ പൊലീസുകാര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. മകളുടെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനു വേണ്ടി 11 മാസം പോലീസ് സ്‌റ്റേഷനുകള്‍ കയറിയിറങ്ങിയെങ്കിലും ലഭിച്ചില്ല. ഒടുവില്‍ ശ്രേയാംസ് കുമാര്‍ എംപി ഇടപെട്ടാണ് വാട്‌സ് ആപ്പില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചത്.
റിപ്പോര്‍ട്ടില്‍ മകള്‍ക്ക് സ്വകാര്യ ഭാഗങ്ങളിലടക്കം ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടിലുണ്ട്. ഗൂഡല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും മരുമകന്റെ രാഷ്ടീയ സ്വാധീനത്തില്‍ കേസ് അട്ടിമറിക്കുകയാണ്. മകളുടെ മരണശേഷം ഫര്‍സാനയുടെ കുഞ്ഞിനെ ഇതുവരെയും സമദ് തിരിഞ്ഞു നോക്കിയിട്ടില്ല. മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് തമിഴ്‌നാട് മുന്‍ മുഖ്യ മന്ത്രിക്കും, ചീഫ് സെക്രട്ടറിക്കും, ഡിജിപി ക്കും, നിലവിലെ മുഖ്യമന്ത്രി സ്റ്റാലിനും പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായില്ല. നിലവില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തമിഴ്‌നാട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പിതാവ്. ഉമ്മയില്ലാത്ത മൂന്നര വയസ്സുള്ള ഫര്‍സാനയുടെ മകളുടെ പല ചോദ്യങ്ങളും അബ്ദൂള്ളയുടെയും കുടുംബത്തിന്റെയും ഉള്ളു തകര്‍ക്കും. ജീവന്റെ കണിക തന്റെ ശരീരത്തില്‍ നിന്നും അറ്റുപോകും വരെ മകളുടെ നീതിക്കായി പോരാടുമെന്ന് ഈ പിതാവ് പറയുന്നു.
അതേസമയം ഫര്‍സാനയുടെ കുടുംബത്തിന് നീതി ലഭിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് എം.വി ശ്രേയാംസ്‌കുമാര്‍ എം.പി വ്യക്തമാക്കി. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ യുവതിയുടെ കുടുംബത്തിനൊപ്പം നില്‍ക്കും. തമിഴ്നാട് ഡി.ജിപിയുമായി വിഷയം സംസാരിച്ചിട്ടുണ്ടെന്നും എംപി. വാര്‍ത്ത പുറം ലോകത്തെത്തിച്ചത് വയനാട് വിഷന്‍.