സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. രാവിലെ 11ന് ഓണ്‍ലൈനായാണ് യോഗം. സ്‌കൂളുകളുടെ നിയന്ത്രണം തുടരണോയെന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒമ്പത് വരെയുള ക്ളാസുകള്‍ അടച്ചിരുന്നു. രണ്ടാഴ്ചത്തേക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ന് അവസാനിക്കുകയാണ്.
ഞായറാഴ്ചയിലെ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഈ ആഴ്ച തുടരാന്‍ തീരുമാനം ആയിട്ടുണ്ട്. കൂടുതല്‍ നിയന്ത്രണങ്ങളോ ഇളവുകളോ ആവശ്യമുണ്ടോയെന്ന് അവലോകന യോഗം പരിശോധിക്കും. സംസ്ഥാനത്തെ കോവിഡ് വ്യാപന തോത് കുറയുന്നതായാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.
ഈ സാഹചര്യത്തില്‍ ജില്ലാ നിയന്ത്രണങ്ങളില്‍ മാറ്റം ഉണ്ടായേക്കും. കോവിഡ് കേസുകള്‍ കൂടുതലുള്ള എറണാകുളത്ത് കടുത്ത നിയന്ത്രണങ്ങള്‍ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക അറിയിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയേക്കും.