കേരളം ആവശ്യപ്പെടുന്ന മുഴുവന്‍ വാക്സീനും നല്‍കുമെന്നും ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി 1.11 കോടി ഡോസ് ലഭ്യമാക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തര കോവിഡ് പ്രതിരോധ പാക്കേജിനു കീഴില്‍ എല്ലാ ജില്ലകള്‍ക്കും ഒരു കോടി രൂപ വീതം അനുവദിക്കുമെന്ന് മാണ്ഡവ്യ അറിയിച്ചു. 267.35 കോടി നേരത്തേ അനുവദിച്ചതിനു പുറമേയാണിത്. ഇതുപയോഗിച്ചു ജില്ലകള്‍ക്കു മെഡിക്കല്‍ പൂള്‍ സൃഷ്ടിക്കാം. എല്ലാ ജില്ലാ ആശുപത്രികളിലും 10 കിലോ ലീറ്റര്‍ ദ്രവീകൃത ഓക്സിജന്‍ സംഭരണ ടാങ്ക് സൗകര്യമുള്ള പീഡിയാട്രിക് ഐസിയു സ്ഥാപിക്കും.
ഓണം ആഘോഷിക്കുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഓണക്കാലത്ത് നിയന്ത്രണം കൈവിടരുതെന്നും വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവരെ നിരീക്ഷിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണും നിര്‍ദേശിച്ചു. കേരളത്തില്‍ ഇപ്പോഴും 56% പേര്‍ക്കു കോവിഡ് ബാധിച്ചിട്ടില്ലെന്നും കൂടുതല്‍ പേര്‍ക്ക് രോഗം വരാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാവര്‍ക്കും വാക്സീന്‍ നല്‍കുകയാണു പോംവഴി. അതിനാണ് കൂടുതല്‍ വാക്സീന്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് അഭിനന്ദനം
വാക്‌സീന്‍ പാഴാക്കാത്തതിലും മരണനിരക്ക് കുറച്ചുനിര്‍ത്തിയതിലും കേരളത്തെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അഭിനന്ദിച്ചു. മാണ്ഡവ്യയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ കാര്യമായ വിമര്‍ശനം ഉണ്ടായില്ല. വാക്‌സിനേഷനില്‍ കേരളം ദേശീയ ശരാശരിയെക്കാള്‍ മുന്നിലാണെന്നു യോഗം വിലയിരുത്തി.
കോവിഡ് വ്യാപനത്തോത് കുറയുന്നു
തിരുവനന്തപുരം ന്മ കേരളത്തില്‍ കോവിഡ് വ്യാപനത്തോത് വീണ്ടും കുറയുന്നു. ഒരാളില്‍ നിന്ന് എത്ര പേരിലേക്കു രോഗം പകരുമെന്നു കണക്കാക്കാന്‍ ഉപയോഗിക്കുന്ന സൂചകമായ കോവിഡ് ആര്‍ ഘടകം ഏറെ മാസങ്ങള്‍ക്കു ശേഷം ഒന്നിനു താഴെയെത്തി. കഴിഞ്ഞയാഴ്ചത്തെ ആര്‍ ഘടകം 0.96 ആണ്. ഓഗസ്റ്റ് ആദ്യ ആഴ്ച ഇത് 1.05 ആയിരുന്നു. അതിനു മുന്‍പ് 1.28. പ്രതിവാര വ്യാപന നിരക്കിലെ വര്‍ധന 5 ശതമാനത്തില്‍ നിന്ന് 4% ആയി കുറഞ്ഞു. ടെസ്റ്റ് ശരാശരി 1.6 ലക്ഷത്തില്‍ നിന്ന് 1.36 ലക്ഷമായി കുറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2 ശതമാനത്തിലേറെ വര്‍ധിക്കാന്‍ ഇടയാക്കിയത് ഇതാണെന്നാണ് വിലയിരുത്തല്‍. കോവിഡ് ആദ്യ ഡോസ് വാക്‌സിനേഷനില്‍ വയനാട് ജില്ല 100% നേട്ടം കൈവരിച്ചു.
പകുതിയിലേറെ പേര്‍ക്ക് ആദ്യ ഡോസ്
തിരുവനന്തപുരം ന്മ സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്സീന്‍ നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 2021ലെ കണക്കു പ്രകാരമുള്ള ജനസംഖ്യയിലെ (3.54 കോടി) 50.25% പേരാണ് (1,77,88,931 പേര്‍) ആദ്യ ഡോസ് സ്വീകരിച്ചത്. ജനുവരി 16 ന് സംസ്ഥാനത്ത് വാക്സിനേഷന്‍ ആരംഭിച്ച് 213 ദിവസം കൊണ്ടാണ് ഈ ലക്ഷ്യം കൈവരിച്ചത്. വാക്സിനേഷന്‍ യജ്ഞത്തിനായി അവധി പോലും മാറ്റിവച്ചു പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.
സംസ്ഥാനത്ത് ഇതുവരെ ആകെ 2,45,13,225 പേര്‍ക്കാണു വാക്സീന്‍ നല്‍കിയത്. ഇതില്‍ 67,24,294 പേര്‍ (19%) രണ്ടു ഡോസും ലഭിച്ചവരാണ്. രാജ്യത്ത് ഇതുവരെ 42,86,81,772 പേര്‍ക്ക് (32.98%) ഒരു ഡോസും 12,18,38,266 പേര്‍ക്കു (9.37%) രണ്ടു ഡോസും കിട്ടി. വാക്സീന്‍ സ്വീകരിച്ചവരില്‍ മുന്നില്‍ സ്ത്രീകളാണ്.