അരലക്ഷവും കടന്ന് പ്രതിദിന രോഗികളെത്തിയേക്കും! വ്യാപനം അതിതീവ്രം…!

0

സംസ്ഥാനത്ത് അതിവീത്ര കൊവിഡ് വ്യാപനത്തില്‍ അരലക്ഷവും കടന്ന് പ്രതിദിന രോഗികളെത്തിയേക്കും. നിലവിലെ വ്യാപനതോതനുസരിച്ച് 10 ദിവസത്തോടെ പീക്കിലെത്തി പിന്നീട് കുറഞ്ഞു തുടങ്ങുമെന്നാണ് വിലയിരുത്തല്‍. അതേസമയം, ഇന്നലെയോടെ പ്രതിദിന കേസുകള്‍ രണ്ടാംതരംഗത്തെ മറികടന്നെങ്കിലും അന്നത്തെ കണക്കിലെ പകുതി രോഗികള്‍ പോലും ഇപ്പോഴും ഐസിയുകളിലും വെന്റിലേറ്ററിലുമില്ലയെന്നതാണ് ചെറിയൊരു ആശ്വാസമെങ്കിലും നിത്യേന ഉയരുന്ന ഈ കണക്കുകള്‍ ആശങ്കയേറ്റുന്നുണ്ട്.

ഇന്നലെ നാല്‍പ്പത്തിയാറായിരം കടന്ന കോവിഡ് കേസുകള്‍ ഇനിയും മുന്നോട്ടു തന്നെ കുതിക്കുമെന്ന കാര്യത്തില്‍ വിദഗ്ദര്‍ക്കിടയില്‍ തര്‍ക്കമില്ല. ഏതുവരെ പോകുമെന്നതില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇന്നലെയുണ്ടായതിന്റെ ഇരട്ടിവരെ പോകാമെന്നും അതിനെയും മറികടന്നേക്കാമെന്നും വിവിധ അഭിപ്രായങ്ങളുണ്ട്. എന്നാല്‍ സര്‍ക്കാര്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മൂന്നാംതരംഗം ഇതിനോടകം കുതിച്ച് മുകളിലെത്തിക്കഴിഞ്ഞു. ഇതിനാല്‍ത്തന്നെ സര്‍ക്കാര്‍ കണക്കാക്കിയ അതേസമയം, വാക്‌സിനേഷന്‍, മുന്‍രോഗബാധ കാരണമുള്ള പ്രതിരോധം, ഇവ രണ്ടും ചേര്‍ന്ന ഹൈബ്രിഡ് ഇമ്യൂണിറ്റി എന്നിവയെല്ലാം ചേര്‍ന്ന് സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് നിഗമനത്തിലെത്തുന്നത് പ്രയാസമാണെന്നും വിലയിരുത്തപ്പെടുന്നു.

പീക്കിലെത്തുന്ന സമയം മാറ്റിനിര്‍ത്തിയാലും, സംഖ്യകള്‍ വലിയ തോതിലുയരുമെന്നും ഇത് ഗുരുതര രോഗികളുടെ എണ്ണത്തിലും പ്രതിഫലിച്ച് വെല്ലുവിളി സൃഷ്ടിക്കുമെന്നും മുന്നറിയിപ്പ്.
ഇന്നലെ നാല്‍പ്പത്തിയാറായിരം കടന്നെങ്കില്‍, ഇതിന് മുന്‍പുള്ള ഏറ്റവുമുയര്‍ന്ന കേസ് രണ്ടാംതരംഗത്തില്‍ 43,000 ആയിരുന്നു. അന്നത്തെ അപേക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെയും ഗുരുതര രോഗികളുടെയും എണ്ണത്തിലുള്ള കുറവാണ് പ്രധാനം. കഴിഞ്ഞ വര്‍ഷം മെയ് 12ന് 3593 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ 1337 പേരെ. അന്ന് ഐസിയുവില്‍ 3115 പേരും വെന്റിലേറ്ററില്‍ 1210 പേരുമുണ്ടായിരുന്നു. ഇന്നലത്തെ കണക്കില്‍ ഐസിയുവില്‍ 838 പേരും വെന്റിലേറ്ററില്‍ 204 പേരുമാണുള്ളത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം വെച്ച് അപകടസാധ്യതയെ ലഘൂകരിച്ച് കാണരുതെന്ന് ആരോഗ്യമേഖലയിലുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇതിനിടെ സംസ്ഥാനത്ത് ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ ഇന്ന് മുതല്‍ രണ്ടാഴ്ച ഓണ്‍ലൈനിലേക്ക് മാറും. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ ഓഫ് ലൈനായി തുടരും. കൊവിഡ് ക്‌ളസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ സ്‌കൂളുകള്‍ അടച്ചിടാന്‍ പ്രധാന അധ്യാപകര്‍ക്ക് നിര്‍ദ്ദേശമുണ്ട്. കോളേജുകള്‍ സംസ്ഥാനവ്യാപകമായി അടക്കില്ല. സി കാറ്റഗറിയിലുള്ള ജില്ലകളില്‍ മാത്രം പത്ത്, പന്ത്രണ്ട് ക്ലാസുകളും അവസാന വര്‍ഷ ബിരുദ-ബിരുദാനന്തര ക്ലാസുകള്‍ ഒഴികെ എല്ലാ ക്ലാസുകളും ഓണ്‍ലൈന്‍ ആയി തുടരാനാണ് നിര്‍ദ്ദേശം. നിലവില്‍ സി കാറ്റഗറിയില്‍ ഒരു ജില്ലയും ഇല്ല.

Leave A Reply

Your email address will not be published.

error: Content is protected !!