കടുവാ ആക്രമണം: നഷ്ടപരിഹാരം; സര്‍ക്കാരില്‍ ശുപാര്‍ശ സമര്‍പ്പിക്കാന്‍ തീരുമാനം

0

കുറുക്കന്മൂല കടുവ ആക്രമണം, മതിയായ നഷ്ടപരിഹാര തുക നല്‍കാന്‍ സര്‍ക്കാരില്‍ ശുപാര്‍ശ സമര്‍പ്പിക്കാന്‍ സബ്ബ് കലക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം. ജില്ലാ വികസന സമിതി യോഗത്തില്‍ വിഷയം അവതരിപ്പിക്കാനും തീരുമാനം. വനം റവന്യു വകുപ്പുകള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നെങ്കിലും വനം പോലീസ്, റവന്യു ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനത്തെ പ്രശംസിച്ച് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും.

കുറുക്കള്‍മൂലയെ വിറപ്പിക്കുകയും പ്രദേശത്താകെ ഭീതിയിലാഴ്ത്തുകയും ചെയ്ത കടുവയ്ക്കായുളള തിരച്ചില്‍ വനം വകുപ്പ് തല്ക്കാലം നിര്‍ത്തിയെങ്കിലും നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുന്നതായിരുന്നു ഇന്ന് നടന്ന സര്‍വ്വകക്ഷി യോഗത്തിലെ പ്രധാന ചര്‍ച്ച.നാമമാത്രമായ നഷ്ടപരിഹാരമായതിനാല്‍ കര്‍ഷകര്‍ ആരും തന്നെ ചെക്കുകള്‍ കൈപറ്റിയിരുന്നില്ല.മാര്‍ക്കറ്റ് വില കണക്കെ നഷ്ടപരിഹാരം വേണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ഇതെ തുടര്‍ന്ന് അത്തരമൊരു നിര്‍ദ്ദേശം അടിയന്തര പ്രാധാന്യത്തോടെ സര്‍ക്കാരിലും ഒപ്പം ജില്ലാ വികസന സമിതിയില്‍ അവതരിപ്പിക്കാനും കാലതാമസം കൂടാതെ തുക വിതരണം ചെയ്യുന്നതിനും യോഗത്തില്‍ തീരുമാനമായി.

ഇനി കടുവ നാട്ടിലിറങ്ങില്ലെന്ന ഉറപ്പും വനം വകുപ്പിന് വേണ്ടി സിനീയര്‍ വെറ്ററനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയ സര്‍വ്വകക്ഷിയോഗത്തില്‍ അറിയിച്ചു. നഷ്ടപരിഹാര തുക നല്‍കുന്ന കാര്യത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വനം റവന്യ വകുപ്പുകള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചെങ്കിലും കടവുയ്ക്ക് വേണ്ടി നടത്തിയ തിരച്ചിലില്‍ വനം- റവന്യൂ – പോലീസ് ഉദ്യോഗസ്ഥര്‍ ചെയ്ത പ്രവര്‍ത്തനങ്ങനെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഏറെ പ്രശംസിക്കുകയും ചെയ്തു. സബ്ബ് കലക്ടര്‍ ആര്‍.ശ്രീലക്ഷ്മിക്ക് പുറമെ എ.ഡി.എം. – എന്‍.ഐ.ഷാജു, ഡി.എഫ്.ഒ. രമേശ് വിഷ്‌ണോയ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രക്‌നവല്ലി, മാനന്തവാടി തഹസില്‍ദാര്‍ ജോസ് പോള്‍ ചിറ്റലപ്പള്ളി, കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍ തുടങ്ങി ജനപ്രതിനിധികളും രാഷ്ടീയ പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!