ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണം സുഗമമാക്കുന്നു

0

ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ സൂഗമമാക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെയും ഹരിത കര്‍മ്മ സേനയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണം വിലയിരുത്തുന്നതിനായി ഹരിത കേരളം മിഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഉല്‍പാദിപ്പിക്കുന്ന അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച്, വൃത്തിയാക്കി, തരംതിരിച്ച് അതാത് തദ്ദേശസ്ഥാപനങ്ങളിലെ ഹരിത കര്‍മ്മ സേനകള്‍ക്ക് കൈമാറും. തദ്ദേശസ്ഥാപനങ്ങള്‍ നിശ്ചയിച്ച പ്രകാരമുള്ള യൂസര്‍ഫീ ടൂറിസം കേന്ദ്രങ്ങള്‍ ഹരിത കര്‍മ്മ സേനക്ക് ഇതിനായി നല്‍കുന്നതാണ്. മാലിന്യത്തിന്റെ അളവ് അനുസരിച്ച് മാസത്തില്‍ രണ്ട് തവണ വരെയാണ് ഹരിത കര്‍മ്മ സേന അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുക.

ബാണാസുര സാഗര്‍ ഡാം, മാവിലാംതോട്, കര്‍ളാട് തടാകം, പൂക്കോട് എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അജൈവ മാലിന്യങ്ങള്‍ നിലവില്‍ യൂസര്‍ഫീ നല്‍കി ഹരിതകര്‍മ്മ സേനക്ക് മാലിന്യം കൈമാറുന്നുണ്ട്. പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍, സമീപ പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളില്‍ നിന്നുണ്ടാകുന്ന മാലിന്യങ്ങള്‍ എന്നിവയാണ് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പൊതുവെ ഉണ്ടാകുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ക്കു ശേഷം സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കുകയും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവ് കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹരിത കര്‍മ്മ സേനയെ ഉള്‍പ്പെടുത്തി എല്ലാ ടൂറിസം കേന്ദ്രങ്ങളിലും മാലിന്യ സംസ്‌കരണം ശക്തമായി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്കാണ് കൈമാറുന്നത്.

അജൈവ മാലിന്യങ്ങള്‍ ശേഖരിച്ചു വെക്കുന്നതിനായി ആവശ്യമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ലഭ്യമായ സ്ഥലങ്ങളില്‍ പരമാവധി 500 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ എം.സി.എഫ് സെന്ററുകള്‍ നിര്‍മിച്ച് നല്‍കാന്‍ തയ്യാറാണെന്ന് ക്ലീന്‍ കേരള കമ്പനി അറിയിച്ചിട്ടുണ്ട്. ഡിറ്റിപിസിക്കു കീഴില്‍ 12, വനം വകുപ്പ് 7, ഇറിഗേഷന്‍ വകുപ്പ് 1, ആര്‍ക്കിയോളജിക്കല്‍ വകുപ്പ് 3, ഹൈഡല്‍ ടൂറിസം 1 എന്നിങ്ങനെ ആകെ 24 ടൂറിസം കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എന്‍.ഐ ഷാജു അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വി.കെ ശ്രീലത, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ എം.എ ഷിജു, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ എസ്.വിഘ്നേഷ്, ഡി.ടി.പി.സി മെമ്പര്‍ സെക്രട്ടറി, ടൂറിസം കേന്ദ്രങ്ങളിലെ ജില്ലാ മാനേജര്‍മാര്‍, വനം വകുപ്പ്, ഇറിഗേഷന്‍ വകുപ്പ്, ആര്‍ക്കിയോളജിക്കല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!