വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന ടി നസിറുദ്ദീന്റെ മരണത്തില്‍ ആദര സൂചകമായി ഇന്ന് വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് സംഘടനാ നേതൃത്വം അറിയിച്ചു. സംസ്ഥാന വ്യാപകമായാണ് കടകള്‍ അടക്കുക.
ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തിന് ചികില്‍സയില്‍ തുടരവേയാണ് ഹൃദയാഘാതം മൂലമുള്ള മരണം സംഭവിച്ചത്. ഖബറടക്കം നാളെ വൈകിട്ട് അഞ്ചിന് കോഴിക്കോട് കണ്ണംപറമ്പ് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കുമെന്നും സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.
1991 മുതല്‍ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടാണ് ടി നസിറുദ്ദീന്‍. ഭാരത വ്യാപാരസമിതി അംഗം, വാറ്റ് ഇംപലിമെന്റേഷന്‍ കമ്മിറ്റി അംഗം, വ്യാപാരി ക്ഷേമനിധി വൈസ് ചെയര്‍മാന്‍, കേരള മര്‍ക്കന്റയില്‍ ബാങ്ക് ചെയര്‍മാന്‍, ഷോപ് ആന്റ് കോമേഴ്ഷ്യല്‍ എസ്റ്റാബ്ളിഷ്മെന്റ് ക്ഷേമനിധി ബോര്‍ഡ് അംഗം എന്നിങ്ങനെ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1944 ഡിസംബര്‍ 25ന് കോഴിക്കോട് കൂടാരപ്പുരയില്‍ ടികെ മുഹമ്മദിന്റെയും അസ്മാബിയുടെയും ആറാമത്തെ മകനായി ജനിച്ചു. ഹിദായത്തുല്‍ ഇസ്ലാം എല്‍പി സ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠനം നടത്തിയ ഇദ്ദേഹം മിഠായിത്തെരുവിലെ ബ്യൂട്ടി സ്റ്റോഴ്സിലൂടെയാണ് വ്യാപാര രംഗത്ത് ചുവടുറപ്പിച്ചത്.
ഭാര്യ: ജുബൈരിയ, മക്കള്‍: മന്‍സൂര്‍, എന്‍മോസ് (ഇരുവരും ബിസിനസ്), അഷ്റ, അയ്ന. മരുമക്കള്‍: പുനത്തില്‍ ആസിഫ്, നിസാമുദ്ദീന്‍, ലൗസിന, റോഷ്ന എന്നിവരാണ്. ഡോ. ഖാലിദ്, ഡോ. മുസ്തഫ, ഹാഷിം, അന്‍വര്‍, മുംതാസ്, പരേതരായ അസീസ്, സുബൈര്‍, മജീദ് എന്നിവര്‍ സഹോദരങ്ങളാണ്. നസ്റുദ്ദീന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ വകുപ്പു മന്ത്രി പി രാജീവും പ്രതിപക്ഷനേതാവും അനുശോചിച്ചു.