കല്‍പ്പറ്റ നഗരം പൂങ്കാവനമാകുന്നു. വിവിധ തരത്തിലും നിറത്തിലുമുള്ള പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന ഉദ്യാന നഗരമാകാനൊരുങ്ങുകയാണ് കല്‍പ്പറ്റ നഗരസഭ. നഗരവീഥികളിലെല്ലായിടത്തും പൂച്ചെടികള്‍ സ്ഥാപിച്ചുക്കൊണ്ട് നഗരസൗന്ദര്യ വല്‍ക്കരണത്തിന്റെ ആദ്യ ഘട്ടം നടപ്പിലാക്കിയിരിക്കുകയാണ് നഗരസഭ. ഉദ്ഘാടനകര്‍മ്മം നിയോജക മണ്ഡലം എംഎല്‍എ ടി സിദ്ദീഖ് നിര്‍വ്വഹിച്ചു.
നഗരത്തിലെ സൗന്ദര്യവത്ക്കരണം ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുമെന്നും, എംഎല്‍എ പറഞ്ഞു. കല്‍പ്പറ്റ നഗരത്തില്‍ ഡ്രൈനേജ് പണി പൂര്‍ത്തീകരിച്ച പഴയ ബസ് സ്റ്റാന്‍ഡ് മുതല്‍ പി.ഡബ്ല്യു.ഡി റോഡ് ജംഗ്ഷന്‍ വരെയുള്ള ഭാഗങ്ങളിലാണ് ജനകീയ പങ്കാളിത്തത്തോടെയും വ്യാപാരികളുടെ സഹായത്തോടെയും കൂടെ പൂച്ചെടികള്‍ സ്ഥാപിച്ചത്.
വ്യാപാരി വ്യവസായി കല്‍പ്പറ്റ യൂണിറ്റ്’ കമ്മിറ്റി സ്വന്തം ചെലിവില്‍ 300 ഓളം പൂച്ചെടിച്ചട്ടികള്‍ നഗരത്തിന് നല്‍കിയത്. ഒരു ചട്ടിക്ക് ഏകദേശം 500 രൂപ നിരക്കില്‍ ഒന്നര ലക്ഷം രൂപയോളം വ്യാപാരികള്‍ സ്വയം വഹിച്ചാണ് ചട്ടികള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതിനു മുന്നോടിയായി കല്‍പ്പറ്റ ബൈപ്പാസ് ജംഗ്ഷനിലുള്ള മിനി പാര്‍ക്കിലും പൂച്ചെടി ചട്ടികള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു.
നഗരത്തില്‍ ഡ്രൈനേജ് നവീകരണം പൂര്‍ത്തീകരിക്കുന്നതിനോടൊപ്പം നഗരത്തില്‍ പുര്‍ണമായി പൂച്ചെടികള്‍ സ്ഥാപിച്ച് നഗരത്തെ ഉദ്യാനനഗരമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് ചടങ്ങില്‍ അധ്യക്ഷനായി. നഗരസഭാ വൈസ് ചെയര്‍ഴ്സണ്‍ കെ അജിത, നഗരസഭ ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ പി മുസ്തഫ, എന്നിവര്‍ സംസാരിച്ചു.