സര്‍ക്കാരിന്റെ പുതുവര്‍ഷ സമ്മാനം, 14 ജില്ലകളിലും തൊഴില്‍ മേള;10,000 പേര്‍ക്ക് ജോലി

0

പതിനായിരം പേര്‍ക്കു ജോലിയുമായി പുതുവര്‍ഷം തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 15 മുതല്‍ ജനുവരി 18 വരെ 14 ജില്ലകളില്‍ തൊഴില്‍ മേളകള്‍ നടത്തും.രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴില്‍ദാതാക്കളെ കേരളത്തിലെത്തിക്കും. രാജ്യാന്തര തൊഴില്‍ പ്ലാറ്റ്‌ഫോം ആയ മോണ്‍സ്റ്റര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി എന്നിവയുമായി ധാരണാപത്രം ഒപ്പിട്ടു. തൊഴില്‍ പ്ലാറ്റ്‌ഫോം ഫ്രീലാന്‍സര്‍ ഉള്‍പ്പെടെ സ്ഥാപനങ്ങളുമായി ഉടന്‍ ധാരണയിലെത്തും.

 

സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘5 വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്കു തൊഴില്‍’ പദ്ധതി ഔദ്യോഗികമായി തുടങ്ങുന്നതിനു മുന്‍പ് 10,000 പേര്‍ക്കെങ്കിലും ജോലി നല്‍കി വിശ്വാസ്യത നേടണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണു തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭാ യോഗം 20 ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുന്ന പദ്ധതി തത്വത്തില്‍ അംഗീകരിച്ചിരുന്നു.5 വര്‍ഷം കൊണ്ട് 5000 കോടി രൂപയാണു പദ്ധതി ചെലവു കണക്കാക്കിയിരിക്കുന്നത്. 1500 കോടി രൂപ പ്ലാനിങ് ഫണ്ട് ആയി മാറ്റിവച്ചിട്ടുണ്ട്. നൈപുണ്യ വികസനത്തിന് അടിസ്ഥാന സൗകര്യം ഒരുക്കാന്‍ 2000 കോടി രൂപ കിഫ്ബിയില്‍ നിന്നും 1500 കോടി രൂപ ലോകബാങ്ക്, എഡിബി എന്നിവിടങ്ങളില്‍ നിന്നും വായ്പയെടുക്കും.കോര്‍പറേറ്റുകള്‍ ചെയ്യേണ്ട നൈപുണ്യ പരിശീലനം സര്‍ക്കാര്‍ ചെലവില്‍ നടത്തണോ എന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണു തൊഴില്‍ മേള നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതെന്നാണു സൂചന. പദ്ധതിയുടെ ഘടനയില്‍ മാറ്റം വേണമെന്ന് ആസൂത്രണ ബോര്‍ഡും ആവശ്യപ്പെട്ടിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!