‘സ്‌പെഷ്യല്‍’ ആക്കിയ ട്രെയിന്‍ സര്‍വ്വീസുകള്‍ വീണ്ടും പഴയ പടി, ടിക്കറ്റ് നിരക്കും മാറും

0

രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ (Train Services) സാധാരണ നിലയിലേക്ക്. മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്കുള്ള സ്‌പെഷ്യല്‍ ടാഗ് നിര്‍ത്തലാക്കാനും അടിയന്തര പ്രാബല്യത്തോടെ കൊവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാനും ഇന്ത്യന്‍ റെയില്‍വേ (indian railway) ഉത്തരവ് ഇറക്കി. കൊവിഡിന്റെ (Covid) പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ഇളവ് ചെയ്തതിന് ശേഷം സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ (special services) മാത്രമാണ് റെയില്‍വേ നടത്തിയിരുന്നത്. ആദ്യം ദീര്‍ഘദൂര ട്രെയിനുകളും പിന്നീട് പാസഞ്ചര്‍ തീവണ്ടികള്‍ പോലും ഇത്തരത്തില്‍ സ്‌പെഷ്യല്‍ ടാഗോടെയാണ് ഓടിച്ചിരുന്നത്. ഇവ സാധാരണ നമ്പറില്‍ തന്നെ പ്രവര്‍ത്തിപ്പിക്കാമെന്നും കൊവിഡിന് മുമ്പുള്ള നിരക്കിലേക്ക് മാറണമെന്നും സോണല്‍ ഓഫീസര്‍മാര്‍ക്ക് റെയില്‍വേ ബോര്‍ഡ് അയച്ച കത്തില്‍ അറിയിച്ചു.

അതേ സമയം നിലവില്‍ സെക്കന്‍ഡ് ക്ലാസുകളിലടക്കം റിസര്‍വ് ചെയ്യുന്ന ട്രെയിനുകള്‍ മറ്റിളവുകള്‍ നല്‍കുന്നത് വരെ അതേ പടി നിലനില്‍ക്കുമെന്നാണ് റെയില്‍വേ വ്യക്തമാക്കിയിരിക്കുന്നത്. സോഫ്റ്റ്‌വെയറിലും ഡാറ്റ ബേസിലും മാറ്റം വരുത്തണമെന്ന് റെയില്‍വേ മന്ത്രാലയം നിര്‍ദേശം നല്‍കി. അണ്‍റിസര്‍വ്ഡ് യാത്ര പുനഃസ്ഥാപിക്കുക രോഗവ്യാപനം കുറഞ്ഞ ഇടങ്ങളില്‍ മാത്രമാകും.

അതേ സമയം കൂട്ടിയ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക്, കൊവിഡോടെ നിര്‍ത്തലാക്കിയ പാന്‍ട്രി സര്‍വീസ്, സ്ലീപ്പര്‍, എസി കോച്ചുകളില്‍ നല്‍കിയിരുന്ന മറ്റു സേവനങ്ങള്‍ എന്നിവ പഴയ രീതിയിലേക്ക് മാറ്റുന്നതിനെ കുറിച്ച് റെയില്‍വേ ഉത്തരവില്‍ പരാമര്‍ശമില്ല .

 

Leave A Reply

Your email address will not be published.

error: Content is protected !!