ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ആറും പത്തും സെന്റിമീറ്റര്‍ നീളമുണ്ടായിരുന്ന രണ്ട് വിരകളെ കണ്ണില്‍ നിന്നും വിജയകരമായി നീക്കം ചെയ്തു.കണ്ണില്‍ അസഹനീയമായ ചൊറിച്ചിലും അസ്വസ്ഥതയുമായി ആശുപത്രിയിലെത്തിയ പനമരം സ്വദേശിനിയായ 73 വയസ്സുകാരിയുടെ കണ്ണില്‍ നിന്നാണ് ഡൈറോഫൈലേറിയ എന്ന വിഭാഗത്തില്‍ പെടുന്ന രണ്ടു വിരകളെ നേത്രരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫ.ഡോ.ഫെലിക്‌സ് ലാലും സംഘവും വിജയകരമായി പുറത്തെടുത്തത്.1977ല്‍ ഇന്ത്യയില്‍ കേരളത്തിലാണ് ഈ അസുഖം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നാളിതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ രാജ്യാന്തരത്തില്‍ 74 മത്തേതും സംസ്ഥാന തലത്തില്‍ 37 മത്തെ കേസുമാണിത്. അസുഖം കണ്ടുപിടിക്കപ്പെടാതെ തുടര്‍ന്നാല്‍ കണ്ണില്‍ പഴുപ്പ് ഉണ്ടാവുകയും തുടര്‍ന്ന് പഴുപ്പ് കണ്ണിനകത്തേക്ക് വ്യാപിച്ച് രോഗിയുടെ കാഴ്ച്ച തന്നെ നഷ്ടപെടുന്ന അവസ്ഥയിലേക്ക് രോഗം വ്യാപിക്കുകയും ചെയ്യും. മനുഷ്യ ശരീരത്തില്‍ ജീവനുള്ള വിരയെ കണ്ടെത്തുന്ന ഡൈറോഫിലേറിയസിസ് എന്ന രോഗാവസ്ഥയാണിത്.
വെളുത്ത നിറത്തില്‍ കാണുന്ന കണ്ണിന്റെ പുറംതോടിന്റെ പാളികള്‍ക്ക് ഇടയിലായിരുന്നു വിരകള്‍ ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ കാഴ്ചയെ ഒരുതരത്തിലും ബാധിക്കാതെ ലോക്കല്‍ അനസ്‌തേഷ്യ നല്‍കികൊണ്ടായിരുന്നു വിരകളെ പുറത്തെടുത്തത്.
ഈ വിരകളുടെ മുട്ടകള്‍ സാധാരണയായി കണ്ടുവരുന്നത് നായകളുടെ പുറത്താണ്. കൊതുക് ഈ നായകളെ കടിക്കുമ്പോള്‍ വിരകള്‍ അവയിലേക്ക് കൈമാറ്റം ചെയ്യപ്പെടും. കൊതുകിന്റെ ശരീരത്തിനകത്ത് വിരകള്‍ രണ്ട് ഘട്ടം വരെ വളരും. മൂന്നാംഘട്ട വളര്‍ച്ചയുടെ സമയത്താണ് കൊതുക് വിരയെ മറ്റുള്ളവരിലേക്ക് കൈമാറുന്നത്. വിരയുടെ സാന്നിധ്യമുള്ള ഈ കൊതുകുകള്‍ കടിക്കുന്ന ആളിലേക്ക് വിരയുടെ ലാര്‍വ കൈമാറ്റം ചെയ്യപ്പെടുകയും തുടര്‍ന്ന്
മനുഷ്യ ശരീരത്തിലെ വിവിധ അവയവങ്ങളിലേക്ക്, പ്രധാനമായും ത്വക്ക്, ശ്വാസകോശം, കണ്ണ് എന്നീ അവയവങ്ങളിലേക്ക് ഈ ലാര്‍വ സഞ്ചരിച്ച് അവിടെ വളരുകയുമാണ് ചെയ്യാറ്. കൊതുകിന്റെ ഒറ്റതവണത്തെ കടിയില്‍ തന്നെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിര എത്താനുള്ള സാധ്യതയുണ്ടെന്ന് ഡോ.ഫെലിക്‌സ് ലാല്‍ പറഞ്ഞു. വിരയുടെ സാന്നിധ്യം കണ്ണിലായത് കൊണ്ട് വളരെ പെട്ടെന്ന് രോഗം കണ്ടുപിടിക്കാന്‍ സാധിച്ചു. എന്നാല്‍ ശ്വാസകോശത്തിലോ മറ്റോ ആയിരുന്നെങ്കില്‍ ശക്തമായ വിറയലും പനിയും രോഗി കാണിക്കുമായിരിന്നു. ത്വക്കിലാണ് രോഗമെങ്കില്‍ അസഹ്യമായ ചൊറിച്ചിലുണ്ടാകും.
അസ്വഭാവികമായി കണ്ണില്‍ ചൊറിച്ചിലോ നീരോ കണ്ടാല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ കണ്ട് വിരകളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് ഡോക്ടര്‍ ഫെലിക്‌സ് പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post