കോവിഡ് കണക്കിലെടുത്ത് സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവച്ചെങ്കിലും സംസ്ഥാനത്തെ പരീക്ഷകള്‍ നീട്ടിവയ്ക്കേണ്ടെന്നും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയാല്‍ മതിയെന്നുമുള്ള നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്. മാര്‍ച്ച് മാസത്തിലെ പരീക്ഷകള്‍ നീട്ടിവച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുപിറകെ ആരംഭിച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കേണ്ട സാഹചര്യം ഇല്ലെന്ന അഭിപ്രായമാണ് വിദ്യാഭ്യാസ വകുപ്പിനുള്ളത്.
കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ പരീക്ഷക്കെത്തുന്ന വിദ്യാര്‍ഥികളുടെയും ഡ്യൂട്ടിയുള്ള അധ്യാപകരുടെയും ആരോഗ്യ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ന്നു കഴിഞ്ഞു. സംസ്ഥാനത്ത് എട്ട് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. സ്‌കൂളുകളിലെ ആരോഗ്യസുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. രോഗവ്യാപനം ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനും അണുനശീകരണം ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ എല്ലാ സ്‌കൂളുകളിലും നിര്‍ബന്ധമാക്കാനുമാണ് തീരുമാനം. തിരഞ്ഞെടുപ്പ് മുന്നിറുത്തിയാണ് മാര്‍ച്ച് മാസത്തിലെ പരീക്ഷാ കലണ്ടര്‍ അപ്പാടെ മാറ്റിയത്. ഏപ്രിലിലേക്ക് പരീക്ഷ മാറ്റിയതിനെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ എതിര്‍ത്തിരുന്നു. ഭരണപക്ഷ അധ്യാപക സംഘടനകളുടെ രാഷ്ട്രീയ താല്പര്യം മാത്രം കണക്കിലെടുത്ത് പരീക്ഷ നീട്ടിവച്ചതെന്ന ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ വേണ്ടെന്നു വച്ചതും പന്ത്രണ്ടാം ക്ലാസ് പരീക്ഷ നീട്ടിവച്ചതും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനുമേല്‍ കടുത്ത സമ്മര്‍ദം ഉണ്ടാക്കിയിട്ടുണ്ട്.