നോക്കുകൂലി ഭരണഘടനാ വിരുദ്ധം; ഹൈക്കോടതി, പരാതി ലഭിച്ചാല്‍ കേസ്

0

നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണെന്ന് കേരള ഹൈക്കോടതി. ട്രേഡ് യൂണിയനുകളോ ചുമട്ടുതൊഴിലാളികളോ ഉള്‍പ്പെടെയുള്ള വ്യക്തികള്‍ ഏതെങ്കിലും വിധത്തില്‍ നോക്കുകൂലി ആവശ്യപ്പെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടി. ചുമട്ടുതൊഴിലാളികളുടെ ഭീഷണിയില്‍ നിന്ന് പോലീസ് സംരക്ഷണം നല്‍കണമെന്നും നോക്കുകൂലി നിരോധിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് തിങ്കളാഴ്ച്ച ഇക്കാര്യം നിരീക്ഷിച്ചത്.

നോക്കുകൂലി ആവശ്യപ്പെട്ടതിന്റെ പേരില്‍ പോലീസിന് പരാതി ലഭിച്ചാല്‍, സംസ്ഥാന പോലീസ് മേധാവി പുറപ്പെടുവിച്ച സര്‍ക്കുലര്‍ അനുസരിച്ച് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്നും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 383, 503 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്നും കോടതി പറഞ്ഞു. തീവ്രവാദ ട്രേഡ് യൂണിയനിസത്തിന്റെ പേരില്‍ നിക്ഷേപക സൗഹൃദ സ്ഥലമല്ലെന്ന ഖ്യാതിയില്‍ നിന്ന് സംസ്ഥാനം കരകയറണമെന്നും കോടതി നിരീക്ഷിച്ചു. നോക്കുകൂലി പോലുള്ള പ്രവണതകള്‍ ഇല്ലാതാകണമെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാനത്ത് നിലനില്‍ക്കുന്ന നോക്കുകൂലിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി മുമ്പും രംഗത്തെത്തിയിരുന്നു. നോക്കുകൂലി സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ച് നീക്കണമെന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ ഒക്ടോബറിലും കോടതി വ്യക്തമാക്കിയിരുന്നു. നോക്കുകൂലി ചോദിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കണമെന്നും ട്രേഡ് യൂണിയന്‍ തീവ്രവാദം എന്ന പ്രതിച്ഛായ കേരളത്തിനുണ്ടെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്.

സംസ്ഥാനത്തേക്ക് നിക്ഷേപകര്‍ വരാന്‍ ഭയക്കുന്ന സ്ഥിതിയാണ്. ഈ സാഹചര്യം മാറണം. തൊഴിലുടമ തൊഴില്‍ നിരസിച്ചാല്‍ ചുമട്ട് തൊഴിലാളി ബോര്‍ഡിനെയാണ് തൊഴിലാളികള്‍ സമീപിക്കേണ്ടതെന്നും തൊഴില്‍ നിഷേധത്തിനുള്ള പ്രതിവിധി അക്രമമല്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചിരുന്നു. ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ വിഎസ്എസ്.സിയിലേക്ക് കൊണ്ടു വന്ന ചരക്കുകള്‍ തടഞ്ഞ സംഭവം കേരളത്തിന് നാണക്കേടുണ്ടാക്കിയെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.

നോക്കുകൂലിയുടെ പേരില്‍ നിയമം കൈയിലെടുക്കരുതെന്ന് ട്രേഡ് യൂണിയനുകളോട് പറയാന്‍ സര്‍ക്കാര്‍ മടിക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി നേരത്തെയും വിമര്‍ശിച്ചിരുന്നു. നോക്കുകൂലി നല്‍കാത്തതിന് ട്രേഡ് യൂണിയനുകള്‍ നടത്തുന്ന ഭീഷണിയില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കൊല്ലം അഞ്ചല്‍ സ്വദേശി ടി കെ സുന്ദരേശന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴും ഹൈക്കോടതി ശക്തമായ വിമര്‍ശനം നടത്തിയിരുന്നു.

ചുമട് ഇറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നിയമം കൈയിലെടുക്കുന്ന യൂണിയനുകളുടെ രീതി അംഗീകരിക്കാനാകില്ല. നോക്കുകൂലിക്ക് നിരോധനമേര്‍പ്പെടുത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിയമം കാര്യക്ഷമമായി നടപ്പിലാക്കാത്തത് നാണക്കേടാണ് എന്നാണ് അന്ന് കോടതി വ്യക്തമാക്കിയത്. സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ പലരും ഭയപ്പെടുകയാണ്. നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് കേരളമെന്ന് വെറുതെ പറഞ്ഞാല്‍ പോരെന്നും ഹൈക്കോടതി അന്ന് കുറ്റപ്പെടുത്തിയിരുന്നു. മാധ്യമങ്ങളിലൂടെ പുറത്തു വരുന്ന നോക്കുകൂലി തര്‍ക്കങ്ങളുടെ വാര്‍ത്തകള്‍ നാടിനു പേരുദോഷം ഉണ്ടാക്കുന്നതാണെന്നും ചുമട്ടുതൊഴിലാളി നിയമത്തിലെ തര്‍ക്ക പരിഹാര സംവിധാനങ്ങള്‍ ശക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!