പഴൂര്‍ ചന്ദനമുറി കേസ്: ഫോറസ്റ്റ് ഓഫീസറുടെ തൊപ്പി തെറിച്ചു

0

സുല്‍ത്താന്‍ ബത്തേരി: പഴൂര്‍ ചന്ദനമുറി കേസില്‍ ആരോപണ വിധേയനായ വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. തോട്ടാ മൂല ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറായിരുന്ന സി.എസ്.വേണുവിനെയാണ് സസ്‌പെന്റ് ചെയ്തത്. ഇയാള്‍ക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് നാട്ടുകാര്‍ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിരുന്നു.

ഓഗസ്റ്റ് മാസം 28 ആം തീയതിയാണ്കാ ടം കൊല്ലികോളനിയിലെ സുഭാഷിന്റെ വാഹനത്തില്‍ നിന്ന് ചന്ദനമുട്ടികള്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പ് ഇയാളെ കസ്റ്റഡിയിലെടുത്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസറായ വേണുവിന്റെ വ്യക്തി വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്ന് ആരോപിച്ച് നാട്ടുകാര്‍ തൊട്ടാമൂല ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു.

സമരത്തെതുടര്‍ന്ന് സുഭാഷിനെ വിട്ടയയ്ക്കുകയും, സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്താമെന്നും വനം ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കി. പിന്നീടുള്ള അന്വേഷണത്തില്‍ ഞണ്ടന്‍ കൊല്ലി കോളനിയിലെ കുട്ടന്‍ ആണ് ചന്ദനം മുറിച്ചതും കണ്ടെത്തി. കുട്ടന് മരംമുറിക്കാന്‍ പ്രേരണ നല്‍കിയത് ഉദ്യോഗസ്ഥനാണെന്നും വ്യക്തമായതോടെയാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.കെ വിനോദാണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചത്.

രണ്ടുമാസത്തെ അന്വേഷണത്തിനുശേഷം സംഭവത്തില്‍ ഉദ്യോഗസ്ഥനും പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഉത്തരവ്. നിലവില്‍ താമരശ്ശേരി റേഞ്ചില്‍ സെക്ഷന്‍ ഓഫീസറായാണ് ഇയാള്‍ ജോലി ചെയ്യുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!