മാനന്തവാടി: കാലവര്‍ഷക്കെടുതിയില്‍ വയനാട് ജില്ലയില്‍ കെ.എസ്.ഇ.ബിക്ക് കോടികളുടെ നഷ്ടമുണ്ടായതായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എം.എല്‍.എ. ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ജൂണ്‍-ജൂലൈ മാസങ്ങളിലെ മണ്‍സൂണ്‍ മൂലമുള്ള മഴക്കെടുതിയില്‍ 64 ഹൈ ടെന്‍ഷന്‍ പോസ്റ്റുകള്‍ക്കും, 324 ലോ ടെന്‍ഷന്‍ പോസ്റ്റുകള്‍ക്കും നാശം സംഭവിച്ചു.
കൂടാതെ ഒരു വിതരണ ട്രാന്‍സ്ഫോര്‍മറിന് കേടും സംഭവിച്ചു. 50 സ്ഥലങ്ങളില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി കമ്പികളും, 686 സ്ഥലങ്ങളില്‍ ലോ ടെന്‍ഷന്‍ കമ്പികളും പൊട്ടി.മാത്രവുമല്ല ഈ രണ്ട് മാസങ്ങളില്‍ വിതരണ ശൃഖലയില്‍ ഏകദേശം 1.96 കോടി രൂപയുടെ നഷ്ടവും കണക്കാക്കിയിട്ടുണ്ട്. ഒക്ടോബര്‍ മാസത്തെ ചക്രവാത ചുഴി മൂലമുണ്ടായ മഴയില്‍ 8 ഹൈടെന്‍ഷന്‍ പോസ്റ്റുകളും, 22 ലോ ടെന്‍ഷന്‍ പോസ്റ്റുകള്‍ക്കും കേടുപാടുകള്‍ ഉണ്ടായി. 8 സ്ഥലങ്ങളില്‍ ഹൈ ടെന്‍ഷന്‍ കമ്പികള്‍ക്കും, 26 ഇടങ്ങളില്‍ ലോ ടെന്‍ഷന്‍ കമ്പികളും പൊട്ടി വീണു. ലഭ്യമായ കണക്കുകള്‍ പ്രാകാരം ഈ ഇനത്തില്‍ 10.68 ലക്ഷം രൂപയുടെ നഷ്ടം കെ.എസ്.ഇ.ബിക്ക് ഉണ്ടായി.