മികവുത്സവം; പൊതു സാക്ഷരതാ പരീക്ഷ സമാപിച്ചു
തിരുനെല്ലി: പൊതു സാക്ഷരതാ പഠിതാക്കള്‍ക്കായി സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന മികവുത്സവം’ സാക്ഷരതാ പരീക്ഷയുടെ സമാപനോദ്ഘാടനം തിരുനെല്ലി ആലത്തൂര്‍ കോളനിയില്‍ ഒ. ആര്‍ കേളു. എം എല്‍ എ നിര്‍വ്വഹിച്ചു. പരീക്ഷ സന്തോഷകരമായ രീതിയിലാണ് പഠിതാക്കള്‍ക്ക് അനുഭവപ്പെട്ടതെന്നും തുടര്‍ന്ന് പഠിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
ചടങ്ങില്‍ സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ പ്രഭാകരന്‍, നോഡല്‍ പ്രേരക് ലീല, നൗഫല്‍, ഷീന, ശ്രീജ എം.ബി, ഇന്‍സ്ട്രക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ 48 കേന്ദ്രങ്ങളിലായാണ് സാക്ഷരതാ പരീക്ഷ നടന്നത്. പരീക്ഷാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ ദിവസങ്ങളില്‍ പരീക്ഷ എഴുതാനുള്ള ക്രമീകരണങ്ങള്‍ സാക്ഷരതാ മിഷന്‍ ഏര്‍പ്പെടുത്തിയിരുന്നു.
ജില്ലയില്‍ 611 പേരാണ് പൊതു സാക്ഷരതയില്‍ പരീക്ഷ എഴുതിയത്. പഠിതാക്കളില്‍ 129 പുരുഷന്മാരും 482 സ്ത്രീകളും ആണ്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് 35 പേരും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് 369 പേരും പരീക്ഷ എഴുതി. വിവിധ ദിവസങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികള്‍ പഠിതാക്കള്‍ക്ക് പ്രചോദനം നല്‍കാനായി പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിയിരുന്നു.