കേരളത്തില്‍ വ്യാഴാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള 12 ജില്ലകളില്‍ ബുധനാഴ്ച്ച വരെ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച്ച 13 ജില്ലകളില്‍ യല്ലോ മുന്നറിയിപ്പുണ്ട്. ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റിനും സാധ്യത. പൊതുജനങ്ങള്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
കേരള തീരത്ത് ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പുലര്‍ത്തണം. കേരള തീരത്ത് നിന്ന് ബുധനാഴ്ച്ച വരെയും ലക്ഷദ്വീപ് തീരത്ത് നിന്ന് വ്യാഴാഴ്ച്ച വരെയും മത്സ്യ ബന്ധനം വിലക്കി. നിലവില്‍ ശ്രീലങ്കക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ബംഗാള്‍ ഉള്‍ക്കടല്‍ ന്യൂന മര്‍ദ്ദം അടുത്ത 2-3 ദിവസം അവിടെത്തന്നെ നില്‍ക്കാനും തുടര്‍ന്ന് അറബിക്കടലില്‍ പ്രവേശിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.