ഐക്യകേരളത്തിന് 65 വയസ്… കോവിഡില്‍ നിന്നും പ്രളയത്തില്‍ നിന്നുമുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ജന്മദിനം

0

ഭാഷാടിസ്ഥാനത്തില്‍ കേരളം പിറവിയെടുത്തിട്ട് ഇന്ന് 65 വര്‍ഷമാകുന്നു. തുടര്‍ച്ചയായ പ്രളയങ്ങളും വിട്ടുപോകാന്‍ മടിച്ചുനില്‍ക്കുന്ന കോവിഡ് മഹാമാരിയും നല്‍കുന്ന ആശങ്കകള്‍ക്കിടയിലും കേരളത്തിന് ഇത് ഉയിര്‍ത്തെഴുന്നേല്‍പിന്റെയും പ്രതീക്ഷകളുടെയും ജന്മവാര്‍ഷികമാണ്. നവോത്ഥാനം സൃഷ്ടിച്ച നവമലയാളിയുടെ രാഷ്ട്രീയ ഭൂപടമാണ് കേരളം. പൊയ്‌പ്പോയ മാമൂലുകളുടെയും അനാചാരങ്ങളുടെയും തിരിച്ചു വരവിനെ പ്രതിരോധിച്ച് 65ാം വര്‍ഷം അത് വിജയിച്ചു നില്‍ക്കുന്നു. മതഭ്രാന്തിനെയും വര്‍ഗീയതയെയും ചെറുത്ത് തോല്‍പ്പിച്ച് മാനവികതയുടെ തുരുത്താകുന്നു. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപീകൃതമായത്. ഐക്യകേരളത്തിനു വേണ്ടിയുള്ള ഒരു ജനതയുടെ പോരാട്ടത്തിനൊടുവിലായിരുന്നു അത്. തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങളും മലബാറും ചേര്‍ത്ത് ആ നവംബര്‍ ഒന്നിന് മലയാളി അതിന്റെ ഭൂപടം വരച്ചു. പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും 65 സുവര്‍ണ വര്‍ഷങ്ങളാണത്.

മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ കൂട്ടിച്ചേര്‍ത്ത് ഒരു സംസ്ഥാനം, അങ്ങനെയാണ് കേരളത്തിന്റെ പിറവി. രാജ്യത്തിന് സ്വാതന്ത്യം ലഭിച്ച് ഒമ്പത് വര്‍ഷത്തിനുശേഷമാണ് ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപീകരിച്ചത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി വിഭജിച്ചുകിടന്ന പ്രദേശങ്ങളെ ഒരുമിപ്പിച്ചാണ് കേരളം സംസ്ഥാനം രൂപീകരിച്ചത്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കണമെന്ന ആവശ്യം സ്വാതന്ത്യാനന്തര ഇന്ത്യയില്‍ ശക്തമായിരുന്നു. ഇതിന്റെ പേരില്‍ രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ നിരവധി പോരാട്ടങ്ങളും നടന്നു. ഇതിന്റെ ഫലമായാണ് കേരള സംസ്ഥാന രൂപീകരണം യാഥാര്‍ഥ്യമായത്. 1953ല്‍ ഫസല്‍ അലി അധ്യക്ഷനായും സര്‍ദാര്‍ കെ.എം പണിക്കര്‍ അംഗമായുള്ള സംസ്ഥാന പുനഃസംഘടനാ കമ്മീഷന്‍ രൂപീകരിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ട് 1955ല്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കി. ഈ റിപ്പോര്‍ട്ടില്‍ കേരള സംസ്ഥാനം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച രൂപരേഖ ഉണ്ടായിരുന്നു.

സംസ്ഥാന പുനഃസംഘടനാ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസം കഴിഞ്ഞാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തയാറാക്കിയത്. കേരളം രൂപീകരിക്കുമ്പോള്‍ രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ ഏറ്റവും ചെറുതായിരുന്നു. തിരുവിതാംകൂറിലെ തോവാളം, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് എന്നീ നാലു താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദ്രാസ് സംസ്ഥാനത്തോട് ചേര്‍ത്തു. ശേഷിച്ച തിരുവിതാം കൂര്‍ – കൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും ചേര്‍ക്കപ്പെട്ടു. ഫലത്തില്‍ കന്യാകുമാരി ജില്ല കേരളത്തിന് നഷ്ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോട് ചേര്‍ക്കപ്പെടുകയും ചെയ്തു. നവംബര്‍ ഒന്നിനു ചിത്തിരതിരുനാള്‍ മഹാരാജാവ് തിരു-കൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖനു പകരം ബി. രാമകൃഷ്ണറാവു ആദ്യ ഗവര്‍ണറായി തിരുവിതാംകൂര്‍- കൊച്ചിയില്‍ പ്രസിഡന്റ് ഭരണം നിലവിലിരിക്കുമ്പോഴാണ് സംസ്ഥാന പുനഃസംഘടന നടന്നത്. സംസ്ഥാനത്തെ ആദ്യ ചീഫ് ജസ്റ്റിസ് കെ ടി കോശിയായിരുന്നു. ആദ്യ ചീഫ് സെക്രട്ടറി എന്‍ ഇ എസ് രാഘവാചാരി. ആദ്യ പോലീസ് ഐ ജി എന്‍. ചന്ദ്രശേഖരന്‍നായര്‍. കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് 1957 ഫെബ്രുവരി 28-നു നടന്നു. ആ തെരഞ്ഞെടുപ്പിലൂടെ ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.

സംസ്ഥാന രൂപീകരണഘട്ടത്തില്‍ അഞ്ച് ജില്ലകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് അത് 14 ആയി. നിലവില്‍ 20 ലോക്‌സഭാ മണ്ഡലങ്ങളും 140 നിയോജകമണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് കേരളം. നഗരവത്കരണത്തിലും കേരളം വലിയ മുന്നേറ്റം നടത്തി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നിങ്ങനെ ആറു കോര്‍പറേഷനുകളാണ് കേരളത്തിലുള്ളത്. ആറര പതിറ്റാണ്ട് നീണ്ട കാലത്തിനിടയില്‍ ഒട്ടേറെ മേഖലയില്‍ രാജ്യത്തിന് തന്നെ മാതൃകയായി കേരളം മാറി. വിദ്യാഭ്യാസം, ആരോഗ്യം, പൊതുഭരണം തുടങ്ങിയ മേഖലകളിലൊക്കെ ലോകത്തിന് തന്നെ കേരളം മാതൃകയായി. സാമൂഹ്യ പുരോഗതിയിലും കലാ-കായിക-സാംസ്‌കാരിക മേഖലകളിലും കേരളം മുന്‍നിരയില്‍ നില്‍ക്കുന്നു. ഒന്നാമതാണ് നമ്മള്‍….അതിജീവനത്തിലും…

Leave A Reply

Your email address will not be published.

error: Content is protected !!