ആ നാള്‍ വന്നു ചേര്‍ന്നു… ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കുന്നു; ജില്ലയിലെ പ്രവേശനോദ്ഘാടനം എടയൂര്‍ക്കുന്ന് യു.പി സ്‌കൂളില്‍

0

സംസ്ഥാനത്ത് ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കുന്നു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ രാവിലെ 8.30നാണ് പ്രവേശനോത്സവം. വയനാട് ജില്ലയിലെ പ്രവേശനോദ്ഘാടനം കാട്ടിക്കുളം എടയൂര്‍ക്കുന്ന് യുപി സ്‌കൂളിലാണ്. ഏറെ നിയന്ത്രണങ്ങളോടെയാണ് സ്‌കൂളുകള്‍ തുറക്കുന്നത്. പ്രൈമറി, 10, പ്ലസ് ടു ക്ലാസുകളാണ് ആദ്യം തുടങ്ങുക. 8, 9 ക്ലാസുകള്‍ ഈ മാസം 15ന് ആരംഭിക്കും. 42 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഇന്ന് സ്‌കൂളിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

വാക്‌സിനെടുക്കാത്ത അധ്യാപകരും അനധ്യാപകരും സ്‌കൂളില്‍ എത്തേണ്ടതില്ലെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരാഴ്ചയ്ക്ക് ശേഷം അവലോകനം നടത്തി വേണ്ട പരിഷ്‌കാരങ്ങള്‍ വരുത്തുമെന്നും മന്ത്രി അറിയിച്ചു. കുട്ടികള്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കും രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ട. ഹാജരില്ലാത്തത് അയോഗ്യതയാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ക്ലാസില്‍ നേരിട്ടെത്താത്തത് അയോഗ്യതയായി കാണില്ല. നേരിട്ട് വരാന്‍ തയാറല്ലാത്തവര്‍ക്ക് ഡിജിറ്റല്‍ പഠനം തുടരാം. സ്‌കൂളുകളില്‍ 15 കുട്ടികളുടെ വീതം ഗ്രൂപ്പുകള്‍ രൂപീകരിക്കും. ഒരു ഗ്രൂപ്പിന്റെ ചുമതല ഒരു അധ്യാപകന് നല്‍കും. 24300 തെര്‍മ്മല്‍ സ്‌ക്യാനര്‍ വിതരണം ചെയ്തിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകള്‍ തയ്യാറാക്കിയ മാര്‍ഗരേഖ കര്‍ശനമായി പാലിക്കണം. സുരക്ഷിതമായ രീതിയില്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോവുക അതീവപ്രധാനമാണ്. അക്കാര്യത്തില്‍ അധ്യാപകരുടേയും രക്ഷിതാക്കളുടേയും പിന്തുണ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!