സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്ല കുട്ടികളുടെ വാക്‌സിനേഷന്‍ വേഗത്തിലാക്കും

0

സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടതില്ലെന്ന് ധാരണ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിലും തത്കാലം നിയന്ത്രണമില്ല.രാത്രികാല കര്‍ഫ്യുവും ഉടന്‍ നടപ്പാക്കേണ്ടതില്ലെന്നാണ് യോഗത്തില്‍ ഉണ്ടായ ധാരണ എന്നാണ് റിപ്പോര്‍ട്ടുകള്‍.അതേസമയം, സംസ്ഥാനത്ത് പൊതു ചടങ്ങുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടരും.പൊതു-സ്വകാര്യ ചടങ്ങുകള്‍ക്കും ആള്‍ക്കൂട്ട നിയന്ത്രണം ബാധകമാണ്.രാത്രികാല നിയന്ത്രണങ്ങളും യാത്രാ നിരോധനവും നിലവില്‍ നടപ്പാക്കേണ്ടതില്ലെന്നാണ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം.

അതേസമയം, നിയന്ത്രണങ്ങളുടെ ഭാഗമായി ഓഫിസുകളുടെ പ്രവര്‍ത്തനം പരമാവധി ഓണ്‍ലൈനാക്കാനും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ തന്നെ സംസ്ഥാനത്ത് വിവാഹം,മരണാനന്തര ചടങ്ങുകള്‍ ഉള്‍പ്പെടെ പൊതുപരിപാടികള്‍ക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം നിജപ്പെടുത്തിയിരുന്നു.ഇതനുസരിച്ച് അടച്ചിട്ട മുറികളില്‍ പരമാവധി 75 പേര്‍ക്കും, തുറസ്സായ സ്ഥലങ്ങളില്‍ പരമാവധി 150 പേര്‍ക്കും മാത്രമാണ് പരിപാടികളില്‍ പങ്കെടുക്കാനാവുക.

നിലവിലെ ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ഒത്തുചേരലുകളും, ചടങ്ങുകളും പൊതുവായ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പരിപാടികളും അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ ഓണ്‍ലൈനായി നടത്തണം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പരിപാടികള്‍ നേരിട്ട് നടത്തുമ്പോള്‍ ശാരീരിക അകലമടക്കമുള്ള മുന്‍കരുതലുകള്‍ എടുക്കണം. പൊതുയോഗങ്ങള്‍ ഒഴിവാക്കണം.

15 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള വാക്സിനേഷന്‍ ഈ ആഴ്ച്ച തന്നെ പൂര്‍ത്തീകരിക്കുമെന്ന് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ ഉറപ്പു വരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി വാക്സിനേഷന്‍ നല്‍കുന്ന കാര്യം പരിശോധിക്കും.കുടുംബശ്രീ തെരഞ്ഞെടുപ്പ്, ഗ്രാമസഭ എന്നിവ ശാരീരിക അകലം പാലിച്ച് കോവിഡ് മാനദണ്ഡമനുസരിച്ച് നടത്താവുന്നതാണ്. ടെലിമെഡിസിന്‍ സംവിധാനം നല്ലതുപോലെ നടപ്പാക്കാനാവണം. ഒമിക്രോണുമായി ബന്ധപ്പെട്ട് വലിയതോതില്‍ ബോധവല്‍ക്കരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!