ബിഎഫ്.7: സംസ്ഥാനത്ത് ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്; മാസ്‌ക് കര്‍ശനമാക്കിയേക്കും

0

 

രോഗവ്യാപന ശേഷി കൂടുതലുള്ള കോവിഡ് വകഭേദം ബിഎഫ്.7 രാജ്യത്ത് സ്ഥിരീകരിച്ചെങ്കിലും സംസ്ഥാനത്ത് നിലവില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. പ്രതിദിന രോഗവ്യാപനവും ചികിത്സയിലുള്ള രോഗികളുടെ എണ്ണവും കുറഞ്ഞുതന്നെ നില്‍ക്കുന്നതാണ് ആശ്വാസം.എങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ ജാഗ്രത വര്‍ധിപ്പിക്കാന്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം തീരുമാനിച്ചു.

ഈ മാസം 1,431 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 51 പേരടക്കം ഒരാഴ്ചയ്ക്കിടെ രോഗബാധിതരായവരുടെ എണ്ണം 391 മാത്രമാണ്.രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 540 മാത്രമാണ്. എങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ ജാഗ്രത വര്‍ധിപ്പിക്കാന്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം തീരുമാനിച്ചു. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം കര്‍ശനമാക്കിയേക്കും. രോഗലക്ഷണമുള്ളവരിലെ പരിശോധന വര്‍ധിപ്പിക്കാനാണ് തീരുമാനം.

എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. ആശങ്ക വേണ്ടെങ്കിലും കോവിഡ് ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. അവധിക്കാലം കൂടുതല്‍ ശ്രദ്ധിക്കണം. എല്ലാവരും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണം. പ്രായമായവരെയും അനുബന്ധ രോഗമുള്ളവരെയും കുട്ടികളെയും പ്രത്യേക കരുതല്‍ വേണം. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകണം. കരുതല്‍ ഡോസ് ഉള്‍പ്പെടെ വാക്സീന്‍ എടുക്കാത്തവര്‍ എല്ലാവരും വാക്സീന്‍ എടുക്കണം. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം ശക്തിപ്പെടുത്തും.

പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാല്‍ അവഗണിക്കരുത്. ചികിത്സ തേടണം. കോവിഡ് രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകരുത്. കോവിഡ് രോഗലക്ഷണമുണ്ടെങ്കില്‍ പുറത്തിറങ്ങാതെ വിശ്രമിക്കേണ്ടതും ചികിത്സ തേടേണ്ടതുമാണ്. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. ആശുപത്രി അഡ്മിഷന്‍ നിരന്തരം നിരീക്ഷിക്കണം. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് മുന്നില്‍ കണ്ട് കോവിഡിനായി ആശുപത്രി സൗകര്യങ്ങള്‍ കൂട്ടാനും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!