മോറിസ് എന്ന കാറിനെക്കുറിച്ച് ചുരുക്കം ചില ആളുകള്‍ക്ക് മാത്രമേ അറിയാന്‍ സാധ്യതയുള്ളു. പഴമക്കാര്‍ക്ക് ചിലപ്പോള്‍ പെട്ടന്ന് മനസ്സിലാകും. പുതുമക്കാര്‍ക്ക് മനസ്സിലാവാന്‍ ഒറ്റവഴി. കൊച്ചിരാജാവ് എന്ന ചിത്രത്തില്‍ ജഗതി ചേട്ടന്‍ ലോറിയുടെ മുകളില്‍ കെട്ടിവെച്ച് സഞ്ചരിക്കുന്ന മുട്ടക്കാര്‍. ഈ കാര്‍ പായും പുലിയായി ഇപ്പോള്‍ വയനാട്ടിലുണ്ട് 70 വര്‍ഷം പഴക്കമുള്ള മോറിസിനെ സ്വന്തമാക്കിയിരിക്കുന്നത് ന്യൂജന്‍ പയ്യനായ ശരത്താണ്.
പഴയ തലമുറക്കാരനാണെങ്കിലും പ്രൗഢിയിലും ഗാംഭീര്യത്തിലും മോറിസ് ഇന്നും മുന്‍നിരയിലെന്നത് ഏതൊരു വാഹന പ്രേമിയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ചെറുപ്പകാലം മുതലേ ഈ വാഹനത്തോടുള്ള ഇഷ്ടം തന്നെയാണ് 70 വര്‍ഷം പഴക്കമുള്ള മോറിസ് മൈനറിനെ സ്വന്തമാക്കാന്‍ കല്‍പ്പറ്റ സ്വദേശിയായ ശരത്ത് ശങ്കറിനെയും പ്രേരിപ്പിച്ചത്.
ക്ലാസിക് കാറുകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസിലേക്ക് ഓടിയെത്തുക അംബാസഡര്‍ എന്ന കാറായിരിക്കും. എന്നാല്‍ അംബാസഡര്‍ ഇന്ത്യയില്‍ വരുന്നതിന് മുമ്പുതന്നെ മോറിസ് മൈനര്‍ എന്ന പേരില്‍ മറ്റൊരു മോഡല്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നു. ഇത് അക്കാലത്ത് വളരെ പ്രചാരമുള്ള ഒരു കാറായിരുന്നു. 10 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റ ആദ്യത്തെ ബ്രിട്ടീഷ് കാറെന്നെ പ്രത്യേകതയും മോറിസ് മൈനര്‍ എന്ന ഈ കുഞ്ഞന്‍ വണ്ടിക്കുണ്ട്.
കല്‍പ്പറ്റയില്‍ ബിസിനസ് ചെയ്തുവരുന്ന ശരത്ത് ശങ്കര്‍ 6 മാസം മുമ്പ് ഊട്ടിയിലേക്ക് യാത്ര പോയപ്പോഴാണ് മോറിസിനെ സ്വന്തമാക്കിയത്. ഇപ്പോള്‍ നാട്ടിലും വീട്ടിലും ഈ കുഞ്ഞന്‍ കാറാണ് താരം. റോഡിലേക്ക് ഇറങ്ങുന്ന മോറിസ് മൈനറിനെ കാണുന്നവരെല്ലാം ഒരു മിനിറ്റ് നോക്കിനില്‍ക്കും. പലരും കുഞ്ഞന്‍ കാറിന്റെ ചിത്രം ഫോണില്‍ പകര്‍ത്താനും മറക്കില്ല. ചെറുപ്പം മുതലേയുള്ള ആഗ്രഹമാണ് മോറിസ് മൈനര്‍ വാങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് ശരത് പറയുന്നു.
മോറിസ് കൂടാതെ വില്ലിസ് ജീപ്പും ഹാര്‍ലി ഡേവിഡ്സണും ശരത്തിന്റെ പക്കലുണ്ട്. ഞായറാഴ്ചകളില്‍ സ്ഥിരമായി കൂട്ടുകാരുമൊത്ത് യാത്ര പോകുന്നതും ഈ കാറിലാണ്. അതേസമയം കാറില്‍ ചെറിയ രീതിയില്‍ മിനുക്കുപണികള്‍ കൂടി എടുക്കാനുണ്ടെന്നും ശരത് പറഞ്ഞു. മോറിസ് മൈനര്‍ കൊണ്ട് ഗോവയ്ക്ക് യാത്ര പോകാനാണ് ശരത്തിന്റെ അടുത്ത ലക്ഷ്യം.