വോക് ഇന്‍’ മദ്യഷോപ്പുകള്‍ ആലോചിക്കണം: ഹൈക്കോടതി

0

സംസ്ഥാനത്തെ മദ്യഷോപ്പുകളുടെ കാര്യത്തില്‍ സമീപനം മാറ്റണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. മറ്റു കടകളിലെ പോലെ, ക്യൂ നില്‍ക്കാതെ കയറിച്ചെന്നു മദ്യം വാങ്ങാന്‍ കഴിയുന്ന ‘വോക് – ഇന്‍’ ഷോപ്പുകള്‍ വരേണ്ട സമയം അതിക്രമിച്ചു. വഴിയിലേക്കും നടപ്പാതയിലേക്കും വരി നീളുന്നത് ഒഴിവാക്കാന്‍ അതേ വഴിയുള്ളൂ.സര്‍ക്കാരും ബവ്‌കോയും ഇക്കാര്യത്തില്‍ നിലപാട് അറിയിക്കണമെന്നു കോടതി ആവശ്യപ്പെട്ടു.ബവ്‌കോ ഔട്ലെറ്റുകളിലെ സൗകര്യം വര്‍ധിപ്പിക്കണമെന്ന മുന്‍ഉത്തരവു നടപ്പായില്ലെന്ന് ആരോപിച്ച് തൃശൂര്‍ കുറുപ്പംറോഡിലെ മൈ ഹിന്ദുസ്ഥാന്‍ പെയിന്റ്‌സ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയാണു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിക്കുന്നത്. ബവ്‌കോയുടെ പുതിയ എംഡി എസ്. ശ്യാം സുന്ദറിനെ കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദേശിച്ചു. നവംബര്‍ 9നു കേസ് വീണ്ടും പരിഗണിക്കും.

ചില വില്‍പനകേന്ദ്രങ്ങള്‍ മാറ്റുന്നതിന്റെ നടപടികള്‍ സര്‍ക്കാര്‍ അറിയിച്ചപ്പോള്‍ ഷോപ്പുകള്‍ മാറ്റിയിട്ടു കാര്യമില്ലെന്നും ഷോപ്പുകളിലെ സാഹചര്യമാണു മാറേണ്ടതെന്നും കോടതി പ്രതികരിച്ചു. വീടിനു സമീപം മദ്യഷോപ്പ് വരുന്നതില്‍ ആര്‍ക്കും താല്‍പര്യമില്ല. ഒരു കാലിലെ മന്ത് മറ്റൊരു കാലിലേക്കു മാറ്റുന്നതു പോലെയാണത്.മദ്യവില്‍പനയുടെ കുത്തക ഉള്ളതുകൊണ്ട് ഇടുങ്ങിയ മുറികളില്‍ പോലും മദ്യക്കച്ചവടം നടത്തുന്നു. റോഡിലേക്കു ക്യൂ നീളുമ്പോള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വഴി നടക്കാനാവില്ല. എത്ര പണവും ചെലവിടാന്‍ മടിയില്ലാത്തവരാണു മദ്യം വാങ്ങാന്‍ വരുന്നതെന്ന് ഓര്‍ക്കണം. അവിടെ മാത്രം ആര്‍ക്കും ദാരിദ്ര്യവുമില്ല, സബ്‌സിഡിയും വേണ്ട. അങ്ങനെയുള്ളവര്‍ക്കു ഷോപ്പുകളില്‍ കടന്നുചെന്നു മദ്യം വാങ്ങി മടങ്ങാന്‍ കഴിയണമെന്നു കോടതി പറഞ്ഞു.

ബവ്‌കോ ഷോപ്പുകളില്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 10 വില്‍പനകേന്ദ്രങ്ങള്‍ മാറ്റി സ്ഥാപിച്ചുവെന്നും, 12 എണ്ണം കൂടി മാറ്റാന്‍ സ്ഥലം കണ്ടെത്തിയതില്‍ നാലെണ്ണം എതിര്‍പ്പു മൂലം ഉപേക്ഷിച്ചുവെന്നും എക്‌സൈസ് കമ്മിഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 29 ഷോപ്പുകളില്‍ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തി. രാമമംഗലം, വൈക്കം ബോട്ടുജെട്ടി എന്നിവിടങ്ങളിലെ ഷോപ്പുകളെപ്പറ്റി പരാതിയുള്ളതിനാല്‍ മാറ്റാനുള്ള നടപടികള്‍ക്കു നിര്‍ദേശിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!