ജില്ലയിലെ ആദിവാസി മേഖലകളിലുള്‍പ്പെടെ ഇന്റര്‍നെറ്റ് കണക്ഷന്‍ വേഗത്തിലാക്കും മുഖ്യമന്ത്രി
ജില്ലയിലെ ആദിവാസി മേഖലകളിലുള്‍പ്പെടെ ഇന്റര്‍നെറ്റ് കണക്ഷന്‍ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഈ വിഷയം ഉന്നയിച്ച് മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു നിയമസഭയില്‍ ചോദ്യം ഉന്നയിച്ചിരുന്നു.ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന ആദിവാസിവാസി വിഭാഗത്തില്‍പ്പെട്ടവരുള്‍പ്പെടെയുള്ളവര്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ പുതിയ ടവറുകള്‍ സ്ഥാപിച്ചും, കെ.എസ്.ഇ.ബി പോളുകള്‍ വഴി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ വലിച്ചും കണക്ടിവിറ്റി ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
കൂടാതെ വിഎസ്എറ്റി ഉള്‍പ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളുടെ സാധ്യതകളും പരിശോധിച്ച് വരികയാണ്. നിലവില്‍ വിദൂര പ്രദേശങ്ങളിലുള്ള ആദിവാസികോളനികളെ കണക്ടിവിറ്റി ലഭ്യതയുടെ അടിസ്ഥാനത്തില്‍ തരം തിരിച്ചിട്ടുണ്ട്. കണക്ടിവിറ്റി കുറഞ്ഞ പ്രദേശങ്ങള്‍ പ്രത്യേകം കണ്ടെത്തി അത്തരം കോളനികള്‍ക്ക് മുന്‍ഗണന കണ്ടെത്തി കണക്ഷന്‍ നല്‍കാന്‍ വിവിധ ടെലികോംദാതാക്കള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.മാത്രവുമല്ല കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ പോളുകള്‍വഴി കേബിളുകള്‍ വലിക്കുന്നതിന് വാര്‍ഷിക വാടക ഇനത്തില്‍ ഇളവുകള്‍ നല്‍കി സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.അതോടൊപ്പം തന്നെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ ഇന്റര്‍നെറ്റിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇടതടവില്ലാതെ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനുള്ള നയപരവും സാമ്പത്തീകകവുമായി തീരുമാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള മാര്‍ഗ്ഗരേഖ സര്‍ക്കാര്‍ തയ്യാറാക്കിയതായി മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.