ഒന്നാം ഡോസ് വാക്‌സീനേഷന്‍ ഈ മാസം പൂര്‍ത്തിയാവും; വീണ ജോര്‍ജ്

0

സംസ്ഥാനത്തെ കൊവിഡ് വാക്‌സീനേഷന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാവുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചു. ഇന്നലെ വരെ 92.8 ശതമാനം പേര്‍ക്ക് ആദ്യഡോസ് വാക്‌സീനും 42.2 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സീനും നല്‍കി കഴിഞ്ഞു. ആദ്യഡോസ് വാക്‌സീനേഷന്‍ ഈ മാസം തന്നെ പൂര്‍ത്തികരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജനുവരിയോടെ രണ്ടാം ഡോസ് വാക്‌സീനേഷനും പൂര്‍ത്തിയാക്കമെന്നും മന്ത്രി പറഞ്ഞു.

വാക്‌സീന്‍ സ്വീകരിച്ച അപൂര്‍വ്വം ചിലരില്‍ മാത്രം പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രം ഇതേക്കുറിച്ച് പഠിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാരിനൊപ്പം സംസ്ഥാന ആരോഗ്യവകുപ്പും വാക്‌സീന്‍ സ്വീകരിച്ചവരിലുണ്ടായ പാര്‍ശ്വഫലങ്ങളെക്കുറിച്ച് പഠനം നടത്തുന്നുണ്ട്.
അതേസമയം കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 91.77 കോടിയിലധികം (91,77,37,885) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 6.73 കോടിയില്‍ അധികം ((6,73,07,240) കോവിഡ് വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ ഇപ്പോഴും ലഭ്യമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!