സംസ്ഥാന ബിജെപിയിലെ (BJP) നേതൃനിരയിൽ അഴിച്ചുപണി. പുതിയ ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു. അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി. സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ (K Surendran)തുടരും. ജനറൽ സെക്രട്ടറിമാർക്കും മാറ്റം ഇല്ല.
എ എൻ രാധാകൃഷ്ണനും (A N Radhakrishnan) ശോഭാ സുരേന്ദ്രനും (Sobha Surendran) വൈസ് പ്രസിഡന്റുമാരായി തുടരും. ബി ഗോപാലകൃഷ്ണനും (B Gopalakrishnan) പി രഘുനാഥും (P Reghunath) വൈസ് പ്രസിഡന്റുമാരാകും. കാസർകോട്, വയനാട്, കോട്ടയം, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് പാർട്ടിക്ക് പുതിയ പ്രസിഡന്റുമാരെ തീരുമാനിച്ചത്. കാസർകോട്ട് പുതിയ ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി ആണ്. വയനാട് കെപി മധു, കോട്ടയം ലിജിൻ ലാൽ, പത്തനംതിട്ട് വി എ സൂരജ്, പാലക്കാട് കെ എം ഹരിദാസ് എന്നിവരാണ് പുതിയ ജില്ലാ പ്രസിഡന്റുമാർ. നിയമ സഭ തെരെഞ്ഞെടുപ്പിന് ശേഷം ഉള്ള പുനസംഘടനയുടെ ഭാഗമായാണ് പുതിയ തീരുമാനം. നടൻ കൃഷ്ണകുമാറിനെ (Actor Krishnakumar) ദേശീയ കൗൺസിലിൽ ഉൾപെടുത്തിയിട്ടുണ്ട്.
സംസ്ഥാന ട്രഷറർ ആയി ഇ കൃഷ്ണദാസിനെ തീരുമാനിച്ചു. പാർട്ടി ഏല്പ്പിച്ച ഉത്തരവാദിത്തം പരമാവധി ഭംഗിയായി നിർവ്വഹിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. 2016ൽ അപ്രതീക്ഷിതമായാണ് പാലക്കാട് ജില്ല അധ്യക്ഷനായി ചുമതലയേറ്റത്. കഴിഞ്ഞ 6 വർഷത്തിനിടെ ജില്ലയിൽ സംഘടനക്ക് വലിയ വളർച്ചയുണ്ടായി. പുതിയ ഉത്തരവാദിത്തത്തിന് വളരെ നന്ദി, സംസ്ഥാനത്തെ പാർട്ടിയുടെ സാമ്പത്തിക കാര്യങ്ങൾ എല്ലാം സുതാര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.