കോവിഡ് പോരാളികളെ പിരിച്ചുവിടാന്‍ കാരണം സാമ്പത്തിക പ്രതിസന്ധി

0

കോവിഡ് ബ്രിഗേഡിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ 22,000 പേരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് വിവരം.കോവിഡ് ബ്രിഗേഡിലെ ജീവനക്കാര്‍ക്കു വേതനം നല്‍കാന്‍ പ്രതിമാസം 35 കോടി രൂപ വേണ്ടിവരുമെന്നും നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ ഇതു താങ്ങാനാകില്ലെന്നുമാണ് ധനവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടെയാണ് ഇവരെ 6 മാസം കൂടി നിലനിര്‍ത്തണമെന്ന ആരോഗ്യ വകുപ്പിന്റെ അഭ്യര്‍ഥന തള്ളിയത്. അതുകൊണ്ടു തന്നെ പുനര്‍നിയമനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ സാധ്യതയില്ല.

പിരിച്ചുവിട്ട ജീവനക്കാര്‍ക്കു നല്‍കാനുള്ള 6 മാസത്തെ റിസ്‌ക് അലവന്‍സ് കുടിശിക അടിയന്തരമായി അനുവദിക്കണമെന്ന ആവശ്യവും സര്‍ക്കാരിനു മുന്നിലുണ്ട്. സേവനത്തിനിടെ ഡോക്ടര്‍മാരും നഴ്‌സുമാരും പാരാ മെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെടെ പലര്‍ക്കും രണ്ടും മൂന്നും തവണ കോവിഡ് ബാധിച്ചിരുന്നു. കോവിഡനന്തര ആരോഗ്യ പ്രശ്‌നങ്ങളും പലര്‍ക്കുമുണ്ട്. പ്രതിമാസം നല്‍കുന്ന ഓണറേറിയത്തിന്റെ 20 30% വരെയാണു റിസ്‌ക് അലവന്‍സ് ആയി നല്‍കിയിരുന്നത്.

കോവിഡ് ബ്രിഗേഡിനെ പിരിച്ചുവിടുന്നതോടെ ആരോഗ്യ വകുപ്പിനു മേല്‍ വീണ്ടും അമിതഭാരമാകും. കോവിഡ് ചികിത്സയും വാക്‌സിനേഷനും പ്രതിരോധ പ്രവര്‍ത്തനങ്ങളുമെല്ലാം ഒന്നിച്ചു ചെയ്യേണ്ടിവരും. നിലവിലുള്ള ആശുപത്രികളില്‍ നിന്നു കൂടുതല്‍ പേരെ കോവിഡ് ഡ്യൂട്ടിക്കു നിയോഗിക്കേണ്ടി വരും. ഇതു മറ്റു രോഗങ്ങളുമായി എത്തുന്നവരുടെ ചികിത്സ വൈകാന്‍ ഇടയാക്കും.ജൂലൈ വരെ കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് വേതനം നല്‍കിയിരുന്നത്. കേന്ദ്രം ഫണ്ട് നിര്‍ത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ടിവന്നു. റിസ്‌ക് അലവന്‍സ് സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടില്‍ നിന്നാണ് നല്‍കേണ്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!