കോവിഡ് വ്യാപനം കൂടുന്നു; നിയന്ത്രണം കടുപ്പിക്കും

0

ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തിയ ശേഷം കോവിഡ് വ്യാപനം വര്‍ധിക്കുന്നുവെന്ന വിലയിരുത്തലില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ല്‍ കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്ന നിര്‍ദേശമാണ് വിദഗ്ധര്‍ മുന്നോട്ടു വച്ചത്.

1015ല്‍ ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങളും വേണം. ടിപിആര്‍ 5നു താഴെയുള്ള തദ്ദേശസ്ഥാപനങ്ങളില്‍ മാത്രമായിരിക്കും ഇളവുകള്‍ അനുവദിക്കുക. നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമെടുക്കും. തൊഴില്‍ മേഖലയിലെ പ്രതിസന്ധി കൂടി വിലയിരുത്തിയാകും അന്തിമ തീരുമാനം.
നിലവില്‍ പോസിറ്റിവിറ്റി നിരക്ക് 24നു മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് ട്രിപ്പിള്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണം. മറ്റു തദ്ദേശസ്ഥാപനങ്ങളില്‍ ഇളവ് അനുവദിച്ചതോടെ കോവിഡ് വ്യാപനം വര്‍ധിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഒരാഴ്ചയോളമായി സംസ്ഥാന തലത്തിലുള്ള പോസിറ്റിവിറ്റി നിരക്ക് 10നു മുകളില്‍ തുടരുകയാണ്. 21ന് 9.63 ആയിരുന്ന ടിപിആര്‍ പിന്നീട് ഉയര്‍ന്ന് ശരാശരി 10.4 ആയി. ഒരാഴ്ചയ്ക്കകം ഇത് 7നു താഴെയെത്തുമെന്ന കണക്കുകൂട്ടല്‍ തെറ്റിയതോടെയാണ് വീണ്ടും നിബന്ധനകള്‍ കര്‍ശനമാക്കുന്നത്. കഴിഞ്ഞയാഴ്ചയിലെ ദേശീയ ശരാശരി 2.97% മാത്രമാണ്.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ടിപിആര്‍ 13.7% വരെ വര്‍ധിച്ചു. പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം 30% വരെ വര്‍ധിച്ചു. പത്തനംതിട്ട, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവരുടെ എണ്ണവും കൂടി.

ഇളവുകളോടെ ഇന്നു തുറക്കല്‍

തിരുവനന്തപുരം ന്മ വാരാന്ത്യ സമ്പൂര്‍ണ ലോക്ഡൗണിനു ശേഷം സംസ്ഥാനത്തു ലോക്ഡൗണ്‍ ഇളവുകള്‍ ഇന്നു മുതല്‍ പതിവു പോലെ തുടരും. കോവിഡ് സ്ഥിരീകരണ നിരക്ക്(ടിപിആര്‍) അനുസരിച്ച്, പ്രാദേശിക തലത്തിലാണു നിയന്ത്രണവും ഇളവുകളും.

തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. എ, ബി വിഭാഗങ്ങളിലാണ് (ടിപിആര്‍ 16നു താഴെ) ഇളവുകള്‍. ഇതിനു മുകളിലുള്ളവ ലോക്ഡൗണും ട്രിപ്പിള്‍ ലോക്ഡൗണും ആണ്.

അവശ്യ സാധനങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ.

ഹോട്ടല്‍, റസ്റ്ററന്റുകള്‍ എന്നിവിടങ്ങളില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. പാഴ്‌സല്‍, ഓണ്‍ലൈന്‍/ഹോം ഡെലിവറി മാത്രം. സമയം രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ.

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു പ്രവര്‍ത്തിക്കും. നാളെയും പ്രവര്‍ത്തിക്കുമെങ്കിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല.

കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കും.

അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും പതിവു പോലെ പ്രവര്‍ത്തിക്കും.

കള്ളു ഷാപ്പുകളില്‍ പാഴ്‌സല്‍ മാത്രം. ബവ്‌റിജസ് കോര്‍പറേഷന്റെ മദ്യവില്‍പന ശാലകളും തുറക്കും.

Leave A Reply

Your email address will not be published.

error: Content is protected !!