എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കല്‍
വിമുക്തഭടന്‍മാര്‍ക്ക് സൈനിക ക്ഷേമ ഓഫീസുകളില്‍ റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കുന്നതിന് അവസരം നല്‍കുന്നു. 2020 ജനുവരി ഒന്നു മുതല്‍ 2021 മേയ് 31 വരെ രജിസ്ട്രേഷന്‍ പുതുക്കേണ്ട ഉദ്യോഗാര്‍ഥികള്‍ക്ക് (രജിസ്ട്രേഷന്‍ തിരിച്ചറിയല്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 01/2020 മുതല്‍ 05/2021 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) ഓഗസ്റ്റ് 31 വരെ രജിസ്ട്രേഷന്‍ പുതുക്കി നല്‍കുന്നതാണെന്നു ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
ആശ്രിതര്‍ക്ക് സാമ്പത്തിക സഹായം
2020 – 21 കോവിഡ് 19 ബാധിച്ചു മരിച്ച വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്ക് അവകാശപ്പെട്ട എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനു വേണ്ടി വിമുക്തഭടന്മാരുടെ ആശ്രിതര്‍ ജില്ല സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
റോഡ് അടയ്ക്കും
പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ അമ്പലവയലിന്റെ കീഴില്‍ വരുന്ന എടക്കല്‍ – അമ്പുകുത്തി – അമ്പലവയല്‍ റോഡിന്റെ കള്‍വര്‍ട്ട് പ്രവൃത്തി നടക്കുന്നതിനാല്‍ ജൂലൈ 31 വരെ റോഡ് പൂര്‍ണമായും അടയ്ക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ 04936 261707
സങ്കരയിനം കശുമാവ് തൈകളുടെ വിതരണം തുടങ്ങി
കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സി രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിലുള്‍പ്പെടുത്തി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ കര്‍ഷകര്‍ക്കായി നല്‍കുന്ന സങ്കരയിനം കശുമാവ് ഗ്രാഫ്റ്റ് തൈകളുടെ വിതരണം തുടങ്ങി. പദ്ധതിയുടെ മാനന്തവാടി ബ്ലോക്ക്തല ഉദ്ഘാടനം പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് വാളാട് അദ്ധ്യക്ഷത വഹിച്ചു. കശുമാവ് വികസന ഏജന്‍സി വയനാട് ജില്ലാ ഫീല്‍ഡ് ഓഫീസര്‍ സോണി ഇ.കെ സ്വാഗതം പറഞ്ഞു.
വയനാടന്‍ കാലാവസ്ഥക്ക് അനുയോജ്യമായതും അത്യുത്പാദന ശേഷിയും രോഗപ്രതിരോധ ശേഷിയും കൂടിയതും മൂന്ന് വര്‍ഷം കൊണ്ട് കായ് ഫലം തരുന്നതുമായ 50000 തൈകളാണ് വിതരണം ചെയ്യുന്നത്. ഫെബ്രുവരി മാസത്തില്‍ ബ്ലോക്ക് പഞ്ചായത്തിലെ കര്‍ഷകര്‍ക്കായി നടത്തിയ ശാസ്ത്രീയ കശുമാവ് കൃഷി രീതികളെ സംബന്ധിച്ച പരിശീലനത്തെ തുടര്‍ന്ന് കര്‍ഷകരില്‍നിന്നും ലഭിച്ച അപേക്ഷ പ്രകാരമാണ് തൈകള്‍ നല്‍കുന്നത്. പദ്ധതിയേക്കുറിച്ച് കൂടുതല്‍ അറിയുവാനും കശുമാവ് ഗ്രാഫ്റ്റ് തൈകള്‍ ലഭിക്കുന്നതിനുമായി www.kasumavukrishi.org, www. cashewcultivation .org എന്നീ വെബ്‌സൈറ്റുകളിലൂടെ ഓണ്‍ലൈനായോ വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്തു ആവശ്യമായ രേഖകള്‍ സഹിതം തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്. ഫോണ്‍. 9496002848.
സഹചാരി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍,എയ്ഡഡ്, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും സഹായിക്കുന്ന എന്‍. എസ്. എസ്, എന്‍.സി.സി, എസ്.പി.സി യൂണിറ്റുകള്‍ക്ക് സഹചാരി അവാര്‍ഡ് നല്‍കുന്നു. വിദ്യാഭ്യാസ സ്ഥാപനത്തിനു പുറത്തും ഭിന്നശേഷിക്കാരെയും അവര്‍ക്കായി നടപ്പിലാക്കുന്ന മെഡിക്കല്‍ ക്യാമ്പ് പോലുള്ള വിവിധ പരിപാടികളിലും സഹായം നല്‍കുന്ന ജില്ലയിലെ മൂന്ന് എന്‍.എസ്. എസ്, എന്‍.സി.സി, എസ്.പി.സി യൂണിറ്റുകള്‍ക്കാണ് അവാര്‍ഡ് നല്‍കുക. അതാത് യൂണിറ്റുകള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് സ്ഥാപന മേധാവി ശുപാര്‍ശ ചെയ്ത് ഫോട്ടോസഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് ആഗസ്റ്റ് 5 നു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 04936-205307
ടെണ്ടര്‍ ക്ഷണിച്ചു
ജില്ലാ വനിത ശിശു വികസന ഓഫീസിലേക്ക് കരാര്‍ വ്യവസ്ഥയില്‍ വാഹനം വാടകയ്ക്ക് നല്‍കന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ജൂലൈ 23 ന് രാവിലെ 11.30 വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വനിത ശിശു വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04936 296362.