ജില്ലയിലെ 5 വയസ്സുവരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ‘എ ഫോര്‍ ആധാര്‍’ ക്യാമ്പെയിന്‍ സംഘടിപ്പിക്കും. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് 5 വയസ്സ് വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് ലഭ്യമാക്കി എന്ന് ഉറപ്പു വരുത്തുകയാണ് ക്യാമ്പെയിനിന്റെ ലക്ഷ്യം. ക്യാമ്പെയിനിന്റെ പോസ്റ്റര്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പ്രകാശനം ചെയ്തു.
വനിത ശിശു വികസന ഓഫീസര്‍ സി. സത്യന്‍, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ മായ എസ്. പണിക്കര്‍, ഐ.ടി മിഷന്‍ ഡി.പി.എം എസ്. നിവേദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
തെരഞ്ഞെടുത്ത അങ്കണവാടികളില്‍ മേയ് 24 ന് രാവിലെ 9 മുതല്‍ മെഗാ ക്യാമ്പ് നടത്തും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിക്കുന്നത്. അക്ഷയ, ഐ.പി.ബി.എസ്, ബാങ്ക്, അതാത് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി, ട്രൈബല്‍ വകുപ്പ്, ഡബ്ല്യുസിഡി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടത്തുന്നത്. ഇതുവരെ ആധാര്‍ എടുക്കാത്ത 5 വയസ്സുവരെയുള്ള കുട്ടിയുടെ അമ്മയുടേയോ അച്ഛന്റെയോ ആധാര്‍ കാര്‍ഡ്, കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കുട്ടിയോടൊപ്പം അമ്മയോ അച്ഛനോ ക്യാമ്പില്‍ എത്തിച്ചേരണം. ആധാറില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള സേവനം ക്യാമ്പില്‍ ലഭ്യമാകുന്നതല്ല.