കേരളത്തില്‍ കൊറോണ വ്യാപനം കുറയുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ രോഗികളുടെ എണ്ണത്തിലുണ്ടായ കുറവ് ശുഭ സൂചനയാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവുണ്ടായേക്കും
രോഗവ്യാപനം നിയന്ത്രിച്ച സംസ്ഥാനത്തിന്റെ നടപടിയെ കഴിഞ്ഞ ദിവസം കേന്ദ്രം അഭിനന്ദിച്ചിരുന്നു. ഫെബ്രുവരി 11ന് 63,000 കൊറോണ രോഗികളാണ് കേരളത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. മാര്‍ച്ച് 11 ന് രോഗികളുടെ എണ്ണം 35000 ലേക്ക് താഴ്ന്നു. എന്നാല്‍ കൊറോണ വ്യാപനം രൂക്ഷമായ രാജ്യത്തെ പത്ത് ജില്ലകളില്‍ എറണാകുളവും ഉള്‍പ്പെടുന്നത് ആശങ്കയാണ്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ രോഗികളുടെ എണ്ണം വീണ്ടും വര്‍ദ്ധിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.
പരമാവധി ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കാന്‍ സ്വകാര്യ ആശുപത്രികളില്‍ 24 മണിക്കൂര്‍ വാക്‌സിനേഷന്‍ ആരംഭിക്കാന്‍ കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. മുതിര്‍ന്ന പൗരന്മാര്‍ക്കും, ഗുരുതര രോഗങ്ങളുള്ള 45 വയസ്സിനു മുകളിലുള്ളവര്‍ക്കുമുള്ള പ്രതിരോധ കുത്തിവെയ്പ് സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്കാണ് മൂന്നാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.