അവല്‍ കൊണ്ടൊരു മിക്‌സ്ചര്‍

0

ഏവര്‍ക്കും ഇഷ്ടപ്പെട്ട ഒരു പലഹാരമാണ് മിക്‌സ്ചര്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള മിക്‌സ്ചര്‍ വൈകുന്നേരത്തെ ചായയ്ക്ക് ഒഴിച്ചുകൂടാനാവാത്ത പലഹാരമാണ്. വെളുത്തുള്ളി മിക്‌സ്ചര്‍, കോണ്‍ മിക്‌സ്ചര്‍, ബോംബെ മിക്‌സ്ചര്‍, എരിവുള്ള മിക്‌സ്ചര്‍ എന്നിങ്ങനെ പലതരത്തില്‍ മിക്‌സ്ചറുകള്‍ കടകളില്‍ നിന്നും ലഭ്യമാണ്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി അവല്‍ കൊണ്ട് സ്വാദിഷ്ടവും ആരോഗ്യകരവുമായ ഒരു മിക്‌സ്ചര്‍ എളുപ്പം വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നാക്കാം. ഇതിനായി ആദ്യം അരക്കപ്പ് അവല്‍ നന്നായി എണ്ണയില്‍ വറുത്തു കോരുക. മിക്‌സ്ചര്‍ നല്ല കറുമുറ കഴിക്കേണ്ട ഒരു വിഭവമാണ്.

അതുകൊണ്ടു തന്നെ അവല്‍ നന്നായി മൊരിച്ച് എടുക്കേണ്ടത് അത്യാവശ്യമാണ്. അവല്‍ നന്നായി മൊരിഞ്ഞ ശേഷം ഒരു പാത്രത്തിലേക്ക് കോരി മാറ്റി വെക്കുക. അത് ചൂടാറുന്നതിനു മുന്‍പേ തന്നെ ഇതിലേക്ക് കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പിന്നീട് ഒരു പാനില്‍ എണ്ണയൊഴിച്ച് അണ്ടിപ്പരിപ്പ്, നിലക്കടല, കടല പരിപ്പ് എന്നിവ ചേര്‍ത്ത് നന്നായി വറുത്തെടുക്കുക. അവ മാറ്റി വയ്ക്കുക. അതിനുശേഷം അതിലേക്ക് ഇത്തിരി എണ്ണ ഒഴിച്ച് തേങ്ങാക്കൊത്ത് ചേര്‍ത്ത് കൊടുക്കുക.

ഇത് നന്നായി മൂപ്പിച്ചെടുത്ത് ശേഷം ആവശ്യത്തിന് കറിവേപ്പിലയും ചേര്‍ക്കുക. ഇവ നന്നായി മൂത്തു വരുന്ന സമയത്ത് ഇതിലേക്ക് ഒരു സ്പൂണ്‍ മുളകുപൊടിയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം അതിലേക്ക് വറുത്തു മാറ്റി വെച്ചിരിക്കുന്ന അവലും അണ്ടിപ്പരിപ്പ്, നിലക്കടല, കടല പരിപ്പ് എന്നിവയും ചേര്‍ത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കിയോജിപ്പിക്കുക. പിന്നീട് തീ കുറച്ച ശേഷം അഞ്ചു മിനിറ്റോളം നന്നായി ഇളക്കി യോജിപ്പിക്കണം. പിന്നീട് തീ ഓഫ് ചെയ്ത് ചൂടാറിയ ശേഷം വായു കടക്കാത്ത പാത്രത്തില്‍ അടച്ചു സൂക്ഷിക്കാം. എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് ഏറെ സ്വാദിഷ്ടമാണ് ഈ അവല്‍ മിക്‌സ്ചര്‍.

Leave A Reply

Your email address will not be published.

error: Content is protected !!