വിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത വനിതാ ക്ഷേമ പ്രവര്‍ത്തകയുമായ മേരി റോയ് (89) അന്തരിച്ചു. കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപകയായ മേരി റോയിയാണ് ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്കു വഴിയൊരുക്കിയത്. പരേതനായ രാജീബ് റോയ് ആണ് ഭര്‍ത്താവ്. പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും, ലളിത് റോയിയും മക്കളാണ്.
കോട്ടയത്തെ ആദ്യ സ്‌കൂളായ റവ. റാവു ബഹദൂര്‍ ജോണ്‍ കുര്യന്‍ സ്‌കൂളിന്റെ സ്ഥാപകന്‍ ജോണ്‍ കുര്യന്റെ പേരക്കുട്ടിയും പി.വി. ഐസക്കിന്റെ മകളുമായി 1933 ല്‍ കോട്ടയം അയ്മനത്താണ് മേരി റോയിയുടെ ജനനം. ഡല്‍ഹി ജീസസ് മേരി കോണ്‍വെന്റിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ചെന്നൈ ക്വീന്‍ മേരീസ് കോളജില്‍ നിന്ന് ബിരുദം നേടി. കല്‍ക്കത്തയില്‍ ഒരു കമ്പനിയില്‍ സെക്രട്ടറിയായി ജോലി ചെയ്യവേ പരിചയപ്പെട്ട ബംഗാളിയായ രാജീബ് റോയിയെയാണ് മേരി റോയ് വിവാഹം ചെയ്തത്. കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങള്‍ മൂലം കുട്ടികളുമായി തിരിച്ചെത്തി പിതാവിന്റെ ഊട്ടിയിലുള്ള വീട്ടില്‍ താമസമാക്കി.
ആ വീടിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് കോടതിയിലെത്തിയത്. മേരി റോയിയുടെ നിയമപോരാട്ടത്തിനൊടുവില്‍, 1916 ലെ തിരുവിതാംകൂര്‍ ക്രിസ്തീയ പിന്തുടര്‍ച്ചാ അവകാശ നിയമം അസാധുവാണെന്നും വില്‍പത്രമെഴുതാതെ മരിക്കുന്ന പിതാവിന്റെ സ്വത്തില്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യ അവകാശമാണെന്നുമുള്ള സുപ്രധാന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു. കേസിലൂടെ അവകാശം നേടിയ വീട് മേരി റോയ് പില്‍ക്കാലത്തു സഹോദരനുതന്നെ തിരിച്ചുനല്‍കി. സഹോദരന് എതിരെയല്ല കോടതിയില്‍ പോയതെന്നും നീതി തേടിയാണെന്നും മക്കള്‍ തുല്യരാണ്, പെണ്‍കുട്ടി രണ്ടാം കിടക്കാരിയാണെന്ന ചിന്ത മാറണം, അതിനുവേണ്ടിയുള്ള യുദ്ധം മാത്രമായിരുന്നു അതെന്നും പിന്നീട് മേരി റോയ് വ്യക്തമാക്കി.
1967 ല്‍ കോട്ടയത്തു സ്ഥാപിച്ച കോര്‍പസ് ക്രിസ്റ്റി എന്ന സ്‌കൂളാണ് പിന്നീട് പള്ളിക്കൂടം എന്നറിയപ്പെട്ടത്. പ്രശസ്ത വാസ്തുശില്‍പി ലാറി ബേക്കറാണ് സ്‌കൂള്‍കെട്ടിടം രൂപകല്‍പന ചെയ്തത്. പരമ്പരാഗത വിദ്യാഭ്യാസ സങ്കല്‍പങ്ങളെ പൊളിച്ചെഴുതിയ സ്‌കൂള്‍ ഇന്ന് വളരെ പ്രശസ്തമാണ്. ബുക്കര്‍ സമ്മാനം നേടിയ ആദ്യ നോവല്‍ ‘ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്’ അരുന്ധതി റോയ് സമര്‍പ്പിച്ചിരിക്കുന്നത് അമ്മയ്ക്കാണ്