ഐഎസ്എല്ലിലെ ഗോള്‍ നേട്ടം മകള്‍ക്കായി സമ്മാനിച്ച് ലൂണ. ഐഎസ്എല്‍ ഒമ്പതാം സീസണിലെ കേരളാ ബ്ലാസ്റ്റേഴ്‌സ്-ഈസ്റ്റ് ബംഗാള്‍ പോരാട്ടത്തിന്റെ ആദ്യ ഗോള്‍ പിറന്നത് 72-ാം മിനിറ്റിലായിരുന്നു. മഞ്ഞപ്പടയുടെ വിശ്വസ്തന്‍ അഡ്രിയാന്‍ ലൂണയാണ് ഈസ്റ്റ് ബംഗാളിനെതിരെ ആദ്യ ഗോള്‍ അടിച്ചത്. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഇന്നലെ ആഘോഷത്തിമര്‍പ്പിലായിരുന്നു. എന്നാല്‍ ലൂണയുടെ പ്രകടനം വ്യത്യസ്തമായിരുന്നു. കൈയില്‍ പതിപ്പിച്ച മകള്‍ ജൂലിയേറ്റയുടെ ടാറ്റുവിന് നേരെ വിരല്‍ചൂണ്ടി കണ്ണുനിറഞ്ഞാണ് അഡ്രിയാന്‍ ലൂണ പ്രതികരിച്ചത്. കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിനായിരുന്നു ലൂണയുടെ ആറു വയസുകാരി മകള്‍ ജൂലിയേറ്റ ഈ ലോകത്തോട് വിടപറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ഇക്കാര്യം അറിയിച്ചത്.
”ഏറെ വിഷമത്തോടെയാണ് എന്റെ മകളുടെ മരണ വിവരം ഞാന്‍ നിങ്ങളെ അറിയിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ ആറിനായിരുന്നു അവളുടെ വിയോഗം. ഈ വേര്‍പാട് എനിക്കും എന്റെ കുടുംബത്തിനുമുണ്ടാക്കിയിരിക്കുന്ന വേദന ഒരിക്കലും മായ്ക്കാനാവത്തതാണ്” എന്നായിരുന്നു താരം കുറിച്ചത്. സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗാവസ്ഥയായിരുന്നു മരണകാരണം. ശ്വാസകോശത്തെയും മറ്റ് ആന്തരികാവയവങ്ങളെയും ബാധിക്കുന്ന ജനിതക രോഗമാണ് സിസ്റ്റിക് ഫൈബ്രോസിസ്.
ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ തുടങ്ങിവെച്ചതും വിജയത്തിലെ പ്രധാനിയുമാണ് ലൂണ. 72ാം മിനിറ്റില്‍ ലൂണയുടെ ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്‌സിന് പകരക്കാരനായി ഇറങ്ങിയ ഇവാന്‍ കലിയുസ്നിയും ഗോളുകള്‍ സമ്മാനിച്ചതോടെ വിജയപടിയില്‍ കേരളം ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി.