പൊതു ജലാശയങ്ങള്‍ മത്സ്യസമൃദ്ധമാക്കി ഫിഷറീസ് വകുപ്പിന്‍റെ സാമൂഹ്യ മത്സ്യകൃഷി

0

കല്‍പ്പറ്റ: പൊതു ജലാശയങ്ങളിലെ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുകയെന്ന ഉദ്ദേശത്തോടു കൂടി കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സാമൂഹിക മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ അഞ്ച് കടവുകളിലായി ഏഴര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ പുഴകളില്‍ നിക്ഷേപിച്ചു. ജില്ലാതല ഉദ്ഘാടനം വെണ്ണിയോട് ചെറുപുഴയില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എയും മറ്റു കടവുകളില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, ഒ ആര്‍ കേളു എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബി നസീമ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഉഷ തമ്പി എന്നിവരും നിര്‍വ്വഹിച്ചു.

പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നേരത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചിരുന്നു. പൊതു ജനങ്ങള്‍ക്ക് ശുദ്ധമായതും പോഷക സമൃദ്ധവുമായ മത്സ്യം ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെ തുടര്‍ച്ചയായ നാലാം വര്‍ഷമാണ് സാമൂഹ്യ മത്സ്യകൃഷിയുടെ ഭാഗമായി പുഴകളില്‍ മത്സ്യക്കുഞ്ഞ് നിക്ഷേപം നടത്തുന്നത്. കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട് ചെറുപുഴ, പൊഴുതന പഞ്ചായത്തിലെ ആനോത്ത്, വെള്ളമുണ്ട പഞ്ചായത്തിലെ ഐസി കടവ്, പൂതാടി പഞ്ചായത്തിലെ വരദൂര്‍, വൈത്തിരി പുഴ എന്നീ കടവുകളിലാണ് മത്സ്യക്കുഞ്ഞ് നിക്ഷേപം നടത്തിയത്.

വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ലീലാമ്മ ജോസഫ്, എന്‍ സി പ്രസാദ്, പി തങ്കമണി, രുഗ്മിണി സുബ്രമണ്യന്‍, വി ഉഷാകുമാരി, ഫിഷറീസ് അസി. ഡയരക്ടര്‍ എം ചിത്ര, അസി. എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആഷിഖ് ബാബു, ഹെഡ് ക്ലാര്‍ക്ക് ടി ബിന്ദു, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളിലായി പങ്കെടുത്തു. ഇതോടൊപ്പം കോവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് വരുമാന ദായകമാവാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള മത്സ്യകൃഷി പദ്ധതികള്‍ ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പിലാക്കാന്‍ പോവുകയാണ്. ഏറ്റവും മികച്ച രീതിയില്‍ സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളും പദ്ധതി വിഹിതം വെച്ചു എന്നത് കൊണ്ട് തന്നെ സംസ്ഥാനത്തിന് മാതൃകയായി മാറിയിരിക്കുകയാണ് വയനാട് ജില്ല.

Leave A Reply

Your email address will not be published.

error: Content is protected !!