സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ദ്ധിക്കുകയും സൂര്യാഘാതമേറ്റ് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ പി. ദിനീഷ് അറിയിച്ചു. ക്ഷീണം, തലകറക്കം, ഛര്‍ദ്ദി, ബോധക്ഷയം ശരീരം ചുവന്ന് ചൂടാകുക, ശക്തമായ തലവേദന, പേശീവലിവ്, തലകറക്കം, ഉയര്‍ന്ന ശരീരതാപനില എന്നിവ സൂര്യതാപത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആശുപത്രിയിലെത്തി ചികിത്സ തേടണം.
ജില്ലയില്‍ ചൂടിന്റെ കാഠിന്യം കുറവാണെങ്കിലും ഉച്ച സമയങ്ങളില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അന്തരീക്ഷ താപം ഉയരുന്നതോടെ ശരീരത്തിന്റെ താപനിയന്ത്രണ സംവിധാനം തടസപ്പെട്ട് ശാരീരിക പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം. കനത്ത ചൂടില്‍ ശരീരത്തില്‍ നിന്നും അമിതമായ അളവില്‍ ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടമാകുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന അവസ്ഥയാണ് സൂര്യതാപം. ഉയര്‍ന്ന ചൂട്, സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം ആരോഗ്യ പ്രശ്നങ്ങള്‍ മരണത്തിന് കാരണമായേക്കാം. പൊതുജനങ്ങള്‍ ചൂടിനനുസരിച്ച് ജീവിത രീതികളില്‍ മാറ്റം വരുത്തുകയും തികഞ്ഞ ജാഗ്രത പാലിക്കുകയും ചെയ്യണം.