മാവോവാദി ബന്ധം; ശ്യാം ബാലകൃഷ്ണന് ഒടുവില്‍ നീതി
മാവോവാദി ബന്ധം ആരോപിച്ച് കസ്റ്റഡി പീഡനം നേരിട്ട തൊണ്ടര്‍നാട്ടിലെ ജൈവകര്‍ഷകനും വിവര്‍ത്തകനുമായ ശ്യാം ബാലകൃഷ്ണന് ഒടുവില്‍ നീതി. മാവോയിസ്റ്റാകുന്നത് കുറ്റകൃത്യമല്ലെന്ന കേരള ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവച്ചു. കേരള ഹൈക്കോടതി വിധിച്ച ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ശ്യാം ബാലകൃഷ്ണന് നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
ശ്യാം ബാലകൃഷ്ണന് നഷ്ടപരിഹാരം നല്‍കണമെന്ന കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്. നഷ്ടപരിഹാരം നല്‍കാന്‍ ഒരുലക്ഷം രൂപ പോലും സംസ്ഥാന സര്‍ക്കാരിന്റെ കയ്യില്‍ ഇല്ലേ എന്നും സുപ്രീം കോടതി ചോദിച്ചു. ശ്യാമിന്റെ കാര്യത്തില്‍ ജീവിക്കാനുള്ള അവകാശമാണ് ലംഘിക്കപ്പെട്ടതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.അപ്പീലില്‍ സര്‍ക്കാരിന് അവരുടെ വാദം വിശദമായി പറയാമെന്നും എന്നാല്‍ തങ്ങള്‍ക്കത് ബോധ്യപ്പെട്ടില്ലെങ്കില്‍ പത്തുലക്ഷം രൂപ കൊടുക്കേണ്ടി വരുമെന്നും സുപ്രീംകോടതി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. 2014 മെയ് 20 നാണ് ശ്യാമിനെ മാവോവാദി ബന്ധം ആരോപിച്ച് തണ്ടര്‍ ബോള്‍ട്ട് വാറന്റില്ലാതെ അറസ്റ്റ് ചെയ്യുന്നത്. ഇതിനെതിരെ ശ്യാം നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി 2015ല്‍ നഷ്ടപരിഹാരം വിധിച്ചത്.