ചുരുങ്ങിയ ചിലവില്‍ ചില സൈഡ് ബിസിനസുകള്‍
1. സെയ്‌ല്‍സ് ആന്‍ഡ് ഡിസ്‌ട്രിബ്യൂഷന്‍
ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള കഴിവുണ്ടോ നിങ്ങള്‍ക്ക്? ആത്മവിശ്വാസത്തോടെ ആളുകളെ ഏത് സാഹചര്യത്തിലും കാണാനും അനായാസം സംസാരിക്കാനും സാമര്‍ത്ഥ്യമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് സെയ്‌ല്‍സ് ആന്‍ഡ് ഡിസ്‌ട്രിബ്യൂഷന്‍ കമ്പനി തുടങ്ങാം. ഇത്തരം സ്ഥാപനങ്ങളുടെ സേവനം അത്യാവശ്യമായ നിരവധി ഉല്‍പ്പന്നങ്ങള്‍ ഇന്ന് വിപണിയിലുണ്ട്. ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന പ്രൊഫഷനുകളിലൊന്നാണ് സെല്ലിംഗ്. ഏതുല്‍പ്പന്നം വില്‍ക്കുന്നു, ആര്‍ക്കൊക്കെ വില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു പ്രതിഫലത്തിന്റെ അളവ്.
എങ്ങനെ തുടങ്ങാം?
ആദ്യം ഏതുല്‍പ്പന്നമാണ് വില്‍ക്കുവാനായി തെരഞ്ഞെടുക്കേണ്ടത് എന്ന് തീരുമാനിക്കുക. വാട്ടര്‍ പ്യൂരിഫയറോ ഇന്‍ഡക്ഷന്‍ കുക്കിംഗ് സിസ്റ്റമോ ക്ലീനിംഗ് വസ്‌തുക്കളോ സ്റ്റേഷനറി സാധനങ്ങളോ ഡയറക്‌റ്റ് മാര്‍ക്കറ്റിംഗ് ഉല്‍പ്പന്നങ്ങളോ ആകാം. ആ ഉല്‍പ്പന്നത്തിന്റെ മൊത്ത വ്യാപാരിയുമായോ ഉല്‍പ്പാദകനുമായോ ബന്ധപ്പെടുക. നിങ്ങളുടെ നഗരത്തിലെ യെല്ലോ പേജ് പോലുള്ള ഡയറക്‌റ്ററികള്‍ പരിശോധിക്കുക. വ്യാപാര പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുക. ഉല്‍പ്പന്നം വന്‍തോതില്‍ ശേഖരിച്ചുവെക്കേണ്ട ആവശ്യമൊന്നുമില്ല. ഉല്‍പ്പന്നത്തെക്കുറിച്ചുള്ള ലഘുലേഖകള്‍, സാമ്പിളുകള്‍ തുടങ്ങിയവ ഉപയോഗിച്ചുപോലും പ്രവര്‍ത്തനം തുടങ്ങാം. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് അവരുടെ ലോഗോ പതിപ്പിച്ച ഗിഫ്‌റ്റ് ആര്‍ട്ടിക്കിളുകള്‍ വന്‍തോതില്‍ ആവശ്യമുണ്ട്. ഇതിനു പറ്റുന്ന ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുക. അവയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ മനോഹരമായ കാറ്റലോഗുകള്‍ തയാറാക്കുക. അത് സ്ഥാപനങ്ങളെ കാണിച്ച് ഓര്‍ഡറുകള്‍ നേടാം. ഇത്തരം കാറ്റലോഗുകള്‍ ചുരുങ്ങിയ ചെലവില്‍ തയാറാക്കാന്‍ ഇന്ന് നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്.
മുടക്കുമുതല്‍
സെയ്‌ല്‍സ് ആന്‍ഡ് ഡിസ്‌ട്രിബ്യൂഷന്‍ സ്ഥാപനം തുടങ്ങാന്‍ ആദ്യം വേണ്ടിവരുന്ന ചെലവ് വിസിറ്റിംഗ് കാര്‍ഡ് പോലുള്ള സ്റ്റേഷനറി വസ്‌തുക്കള്‍, കളര്‍ ലഘുലേഖകള്‍, സാമ്പിള്‍ ഉല്‍പ്പന്നങ്ങള്‍, ടാക്‌സ് രജിസ്‌ട്രേഷന്‍ തുടങ്ങിയവയ്‌ക്കുള്ളതാണ്. നിങ്ങളുടെ കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ സപ്ലയേഴ്‌സ് നിങ്ങള്‍ക്ക് കടമായിത്തന്നെ ഉല്‍പ്പന്നങ്ങള്‍ നല്‍കും.
എന്തു വരുമാനം ലഭിക്കും?
ഓരോ വില്‍പ്പനയില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്ന മാര്‍ജിനാണ് നിങ്ങളുടെ വരുമാനത്തെ നിര്‍ണയിക്കുന്നത്. ഓരോ വില്‍പ്പനയില്‍ നിന്നും 10 മുതല്‍ 30 ശതമാനം വരെ മാര്‍ജിന്‍ ലഭിക്കാം. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് മൊത്തമായി വില്‍ക്കാവുന്ന ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. 10000 – 50000 രൂപയുടെ വരുമാനം പ്രതിമാസം നേടാം. ബിസിനസ് വളരുമ്പോള്‍ സ്വന്തമായി ഓഫീസ് തുറക്കുകയും സ്ഥാപനം രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുക. നിരവധി ആളുകള്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡയറക്‌റ്റ് മാര്‍ക്കറ്റിംഗ് കമ്പനി രൂപീകരിക്കാന്‍ കഴിഞ്ഞാല്‍ ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ഉണ്ടാക്കാം. സെല്ലിംഗ് എന്ന ജോലിയോട് നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ ഇതിലേക്ക് ഇറങ്ങാവൂ. തുടക്കത്തില്‍ സ്വന്തം വീട് കേന്ദ്രീകരിച്ചുതന്നെ ബിസിനസ് ആരംഭിക്കാം. മികച്ച ആദായം നേടാനും വളരാനും വൈവിധ്യവല്‍ക്കരിക്കാനും ഏറെ സാധ്യതയുള്ള ബിസിനസ് ആണ് ഇത്.
2. പ്രൊഫഷണല്‍ സേവനം
നിങ്ങള്‍ ഒരു പ്രൊഫഷണല്‍ ആണെങ്കില്‍ നിങ്ങളുടെ പ്രൊഫഷണല്‍ സേവനം ആവശ്യമുള്ളവര്‍ക്കായി ഒരു സ്ഥാപനം തന്നെ തുടങ്ങാം. നിങ്ങള്‍ ഒരു എക്കൗണ്ടന്റ് ആണെങ്കില്‍ ബുക്ക് കീപ്പിംഗ്, ടാക്‌സ് റിട്ടേണ്‍സ്, ബാലന്‍സ് ഷീറ്റ്, ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌സ്, ഇന്‍കം സ്റ്റേറ്റ്‌മെന്റ് തുടങ്ങിയവ തയാറാക്കുന്നതുമായി ബന്ധപ്പെട്ട സേവനം ആവശ്യമുള്ളവര്‍ക്ക് ഫീസ് വാങ്ങി അത് നല്‍കാം.
എങ്ങനെ തുടങ്ങാം?
ആകര്‍ഷകമായ ബിസിനസ് കാര്‍ഡും നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന സേവനങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സര്‍വീസ് ബ്രോഷറും തയാറാക്കുക. നികുതി, എക്കൗണ്ടിഗ് സംബന്ധിയായ സേവനം ആവശ്യമുള്ളവരുടെ അടുത്ത് അത് എത്തിക്കുക. മിക്ക ചെറുകിട സ്ഥാപനങ്ങള്‍ക്കും ഇത്തരം സേവനം ആവശ്യമുണ്ട്.
മുടക്കുമുതല്‍
തുടക്കത്തില്‍ പ്രാദേശികതലത്തില്‍ പരസ്യങ്ങള്‍ ചെയ്യേണ്ടി വന്നേക്കാം. നിങ്ങളുടെ സേവനങ്ങളെ സംബന്ധിക്കുന്ന ബ്രോഷറുകളും മറ്റും ആളുകളില്‍ എത്തിക്കാനും പണം മുടക്കണം. ഏതാനും ഇടപാടുകാരെ കിട്ടിയാല്‍ അവരുടെ അടുത്തുനിന്ന് കൂടുതല്‍ ഇടപാടുകാര്‍ക്കായി റഫറന്‍സ് ചോദിക്കാം. ഈ രംഗത്ത് ആദരവ് പിടിച്ചുപറ്റുകയാണ് ഏറ്റവും പ്രധാനം. ഏറ്റവും മികച്ച സേവനം നല്‍കി ഇടപാടുകാരുടെ പ്രശംസ പിടിച്ചുപറ്റിയാല്‍ മാത്രമേ ഇത്തരം ബിസിനസില്‍ വിജയിക്കാന്‍ കഴിയൂ.
?എന്തു വരുമാനം ലഭിക്കും
10,000 രൂപ മുതല്‍ 50,000 രൂപ വരെ പ്രതിമാസം വരുമാനം നേടാം. കൂടുതല്‍ ഇടപാടുകാരെ കിട്ടുന്നതോടെ കൂടുതല്‍ ആളുകളെ നിയമിച്ച് ഇത് നിങ്ങള്‍ക്ക് ഒരു സ്ഥാപനമായി വളര്‍ത്തിയെടുക്കാം. വെബ് ഡിസൈനിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, വാസ്‌തു കണ്‍സള്‍ട്ടന്‍സി തുടങ്ങിയ മേഖലകളില്‍ പ്രാവീണ്യമുള്ളവര്‍ക്കും സ്വന്തം വീട് ആസ്ഥാനമാക്കി ഇത്തരം ബിസിനസ് ചെയ്യാം.
3. ഹോം ട്യൂട്ടറിംഗ്
നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതിയോടുള്ള അസംതൃപ്‌തി നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണല്ലോ. ഹോം ട്യൂട്ടറിംഗിന് ഇത് വന്‍ സാധ്യതയാണ് ഒരുക്കുന്നത്. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ട്യൂഷന് പ്രാപ്‌തരായവരെ കിട്ടാതെ വിഷമിക്കുകയാണ് മിക്ക മാതാപിതാക്കളും. കണക്ക്, ഇംഗ്ലീഷ്, കംപ്യൂട്ടര്‍ തുടങ്ങിയ വിഷയങ്ങളുടെ പഠനത്തിന് ഇന്ന് മിക്ക കുട്ടികള്‍ക്കും ട്യൂഷന്‍ അനിവാര്യമാണ്. ഇത്തരം വിഷയങ്ങള്‍ കുട്ടികള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ ലളിതമായി പറഞ്ഞുകൊടുക്കാന്‍ കഴിവുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഹോം ട്യൂട്ടറിംഗ് ആരംഭിക്കാം.
എങ്ങനെ തുടങ്ങാം?
പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയത്തെക്കുറിച്ച് നല്ല പരിജ്ഞാനമുള്ള ഒരു പ്രൊഫഷണലായിരിക്കണം നിങ്ങള്‍. സമീപത്തുള്ള സ്വകാര്യ സ്‌കൂളുകളുമായി ബന്ധപ്പെട്ട് നിങ്ങളുടെ സേവനം വാഗ്‌ദാനം ചെയ്യാം. താല്‍പ്പര്യമുള്ള മാതാപിതാക്കളെ കണ്ടെത്താന്‍ സ്‌കൂളുകള്‍ സഹായിക്കും. നിങ്ങളുടെ വീട്ടിലോ വാടകയ്‌ക്ക് എടുത്ത സ്ഥലത്തോ ഒരു മുറി ആവശ്യമാണ്. ഒരോരുത്തര്‍ക്കും പ്രത്യേകം ട്യൂഷന്‍ നല്‍കാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ നിങ്ങളുടെ സമയം അതിനനുസരിച്ച് ക്രമീകരിക്കുക.
മുടക്കുമുതല്‍
നിങ്ങളുടെ സേവനത്തെക്കുറിച്ച് മാതാപിതാക്കളെ ബോധ്യപ്പെടുത്താനുള്ള ലഘുലേഖകള്‍ തയാറാക്കുന്നതിനും പ്രാദേശികമായി പരസ്യം നല്‍കുന്നതിനും ബ്ലാക്ക് ബോര്‍ഡ്, മാര്‍ക്കര്‍ തുടങ്ങിയവ വാങ്ങുവാനും പണം ചെലവാക്കണം.
എന്തു വരുമാനം ലഭിക്കും?
മാസം 5000 രൂപ മുതല്‍ 25000 രൂപ വരെ വരുമാനം നേടാം. ഡാന്‍സ്, സംഗീതം, സ്‌പോര്‍ട്‌സ് തുടങ്ങിയവയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് വീട്ടില്‍ തന്നെ ചെറിയ ടാലന്റ് സ്‌കൂള്‍ തുടങ്ങാം. എയ്‌റോബിക്‌സ്, യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവയില്‍ അറിവുള്ളവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട പരിശീലന കേന്ദ്രങ്ങളും തുടങ്ങാം.
4. ബെഡ് ആന്‍ഡ് ബ്രേക്ക്‌ഫാസ്റ്റ്
നിങ്ങളുടെ വീട്ടില്‍ അറ്റാച്ച്‌ഡ് ബാത്ത് റൂമും പുറത്തേക്ക് വാതിലുമുള്ള ഒരു മുറിയുണ്ടോ? ഏതെങ്കിലും വിനോദ സഞ്ചാര കേന്ദ്രത്തിനോ കടലിനോ പുഴയ്‌ക്കോ തടാകത്തിനോ മലയ്‌ക്കോ വെള്ളച്ചാട്ടത്തിനോ അടുത്താണോ നിങ്ങളുടെ വീട്? ആതിഥേയ വ്യവസായ രംഗത്തേക്ക് ബെഡ് ആന്‍ഡ് ബ്രേക്ക്‌ഫാസ്റ്റ് ബിസിനസിലൂടെ നിങ്ങള്‍ക്കും ചുവടുവെക്കാം.
എങ്ങനെ തുടങ്ങാം?
മുറിയും പരിസരവും ഏറ്റവും വൃത്തിയായി സൂക്ഷിക്കുക. 24 മണിക്കൂറും വെള്ളവും വൈദ്യുതിയും ഉണ്ടായിരിക്കണം. വിനോദസഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നത് ഇതാണ്. 250 മുതല്‍ 500 രൂപ വരെ വാടകയ്‌ക്ക് മുറി നല്‍കാം. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ട്രാവല്‍ ഏജന്‍സികള്‍, ടാക്‌സി ഡ്രൈവര്‍മാര്‍ തുടങ്ങിയവരുമായി ബന്ധം സ്ഥാപിക്കുക. നിങ്ങളുടെ അയല്‍ വീട്ടുകാരോടും ഇതേപോലെ മുറികള്‍ സജ്ജമാക്കാന്‍ പറയുക. നിങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ ലഭിച്ചാല്‍ അയല്‍ വീട്ടുകാര്‍ക്കും നല്‍കാം. അങ്ങനെ നിങ്ങള്‍ക്ക് ബെഡ് ആന്‍ഡ് ബ്രേക്ക് ഫാസ്റ്റിന്റെ ചെയ്‌ന്‍ തന്നെ ഉണ്ടാക്കാം. താമസിക്കാന്‍ വരുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ എല്ലാം കൃത്യമായി പരിശോധിച്ചിരിക്കണം. കൂടുതല്‍ കാലം താമസിക്കുന്നവര്‍ക്ക് വാടകയില്‍ ഇളവ് നല്‍കുക. അവരെ ദീര്‍ഘകാലം താമസിക്കുന്ന പേയിംഗ് ഗസ്റ്റുകളാക്കി മാറ്റുകയും ആവാം. എല്ലാം നിങ്ങള്‍ നല്‍കുന്ന സുഖസൗകര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.
മുടക്കുമുതല്‍
മുറി നവീകരിക്കുന്നതിനോ ടോയ്‌ലറ്റ് മോടിപിടിപ്പിക്കുന്നതിനോ പണം വേണ്ടിവരും. പ്രാദേശിക പത്രങ്ങളില്‍ ക്ലാസിഫൈഡ് പരസ്യം നല്‍കാനും ചെലവ് വരും.
എന്തു വരുമാനം ലഭിക്കും?
വാടകയ്‌ക്ക് നല്‍കാനായി എത്ര മുറികള്‍ ഉണ്ടോ അതിന് അനുസരിച്ച് വരുമാനവും കൂടും. പ്രതിമാസം 5000 മുതല്‍ 30000 രൂപ വരെ നേടാം.
5. കണ്‍സള്‍ട്ടന്‍സി
റിയല്‍ എസ്റ്റേറ്റ്, ഓട്ടോമൊബീല്‍, കരിയര്‍, മാട്രിമോണിയല്‍ തുടങ്ങിയ മേഖലകളില്‍ കണ്‍സള്‍ട്ടന്റുമാരുടെ സേവനത്തിന് വിപുലമായ സാധ്യതകളാണ് ഉള്ളത്. ഏതു മേഖലയിലാണ് നിങ്ങള്‍ കണ്‍സള്‍ട്ടന്റുമാരായി പ്രവര്‍ത്തിക്കുന്നത് ആ മേഖലയിലെ വിപുലമായ ഡാറ്റ ശേഖരമാണ് ഈ രംഗത്ത് നിങ്ങളുടെ വിജയത്തെ നിര്‍ണയിക്കുന്നത്.
എങ്ങനെ തുടങ്ങാം?
റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് നിങ്ങള്‍ കണ്‍സള്‍ട്ടന്റാകാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ എവിടെയാണോ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നത് ആ പ്രദേശങ്ങളിലെ വില്‍ക്കാനും വാടകയ്‌ക്ക് നല്‍കാനുമുള്ള സ്ഥലങ്ങളുടെയും വീടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കണം. പരമാവധി വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ സേവനത്തെക്കുറിച്ച് പ്രാദേശിക പത്രങ്ങളില്‍ ചെറിയ പരസ്യങ്ങള്‍ നല്‍കാം. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ പതിപ്പിക്കാം. കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുക എന്നത് വളരെ ലളിതമാണ്. മിക്ക ആളുകളും എങ്ങനെ ചെയ്യുന്നു എന്നും അതിനേക്കാള്‍ കൂടുതല്‍ മികവോടെ നിങ്ങള്‍ക്ക് എങ്ങനെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും മനസിലാക്കുക. മറ്റുള്ളവര്‍ക്ക് എങ്ങനെ കാര്യങ്ങള്‍ ഭംഗിയായി ചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞ് കൊടുക്കുക. അല്ലെങ്കില്‍ അവര്‍ക്കുവേണ്ടി കാര്യങ്ങള്‍ ചെയ്‌തുകൊടുക്കുക. കണ്‍സള്‍ട്ടിംഗ് ബിസിനസിന്റെ ആണിക്കല്ല് എന്നത് നെറ്റ്‌വര്‍ക്കിംഗ് ആണ്. നിങ്ങള്‍ക്ക് പരിചയമുള്ള എല്ലാവരോടും നിങ്ങള്‍ നല്‍കാനുദ്ദേശിക്കുന്ന സേവനത്തെക്കുറിച്ച് പറയാം. അത്തരം സേവനങ്ങള്‍ ഒരിക്കലെങ്കിലും ആവശ്യമില്ലാത്തവര്‍ ആരുമുണ്ടാകില്ല. വ്യക്തിപരമായ കഴിവുകളെ മാത്രം ആശ്രയിച്ചുള്ള ഒരു ബിസിനസാണിത്. കൂടിയാലോചനകള്‍ നടത്തി വിജയിപ്പിക്കാനും, നേടിയെടുക്കുന്നതുവരെ ഒരു കാര്യത്തെ നിരന്തരം പിന്തുടരാനും മറ്റുള്ളവര്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കാനുമൊക്കെയുള്ള കഴിവുകള്‍ വികസിപ്പിച്ചെടുക്കുക.
മുടക്കുമുതല്‍
പ്രാദേശിക ദിനപത്രങ്ങളില്‍ നല്‍കുന്ന ക്ലാസിഫൈഡ് പരസ്യം വഴിയാണ് മിക്കവാറും കണ്‍സള്‍ട്ടന്‍സി ബിസിനസ് പ്രവര്‍ത്തിക്കുന്നത്. വാങ്ങുന്നവര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഒരുമിക്കാനുള്ള ഒരു മാധ്യമമായി നിങ്ങള്‍ മാറുകയാണ് ചെയ്യുന്നത്.
എന്തു വരുമാനം ലഭിക്കും?
റിയല്‍ എസ്റ്റേറ്റ്, മാട്രിമോണിയല്‍, ഓട്ടോമൊബീല്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്റുമാരുടെ വരുമാനം വര്‍ധിച്ചതായിരിക്കും. കാരണം ഈ മേഖലയില്‍ വന്‍ തുകയ്‌ക്കുള്ള ഇടപാടുകളാണ് നടക്കുക. കഠിനാധ്വാനിയായ ഒരു കണ്‍സള്‍ട്ടന്റിന് 25,000 രൂപ മുതല്‍ ഒരു ലക്ഷം രൂപയുടെ വരെ വരുമാനം പ്രതിമാസം ഉണ്ടാക്കാം.
6. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് സംരംഭം
നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് എന്ന പേരില്‍ അറിയപ്പെടുന്ന മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് ബിസിനസ് ലോകമൊട്ടാകെ അനുദിനം വളര്‍ച്ച പ്രകടിപ്പിക്കുന്ന ബിസിനസ് ആണ്. ഇന്ത്യയില്‍ നൂറുകണക്കിന് എം.എല്‍.എം കമ്പനികള്‍ ഉണ്ട്. ഏതെങ്കിലും കമ്പനിയില്‍ ചേരുംമുമ്പ് കമ്പനിയെക്കുറിച്ചും ഉല്‍പ്പന്നങ്ങളെക്കുറിച്ചും നല്‍കുന്ന സേവനങ്ങളെക്കുറിച്ചും അതിന്റെ വിശ്വാസ്യതയെക്കുറിച്ചും അന്വേഷിച്ച് ഉറപ്പുവരുത്തിയിരിക്കണം. കൂടുതല്‍ ആളുകളുമായി ഇടപഴകാനുള്ള നിങ്ങളുടെ കഴിവും കൂടുതല്‍ പേരെ നിങ്ങളുടെ സംഘത്തിലേക്ക് ചേര്‍ക്കാനുള്ള കഴിവുമാണ് ഈ ബിസിനസിന്റെ വിജയത്തെ നിര്‍ണയിക്കുന്നത്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെക്കുറിച്ചും ഉല്‍പ്പന്നങ്ങളെക്കുറിച്ചും നിങ്ങള്‍ക്ക് വിശ്വാസമുണ്ടായിരിക്കണം. അതേക്കുറിച്ച് ആധികാരികമായി നിങ്ങള്‍ക്ക് മറ്റുള്ളവരോട് സംസാരിക്കാന്‍ സാധിക്കണം.