ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുളള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാരുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാര്‍ഗ്ഗരേഖ പ്രകാരമുളള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സ്‌കൂള്‍തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 23 നകം പൂര്‍ത്തികരിക്കും. കുടിവെളള സ്രോതസുകളും ടാങ്കുകളും ക്ലോറിനേറ്റ് ചെയ്യും. സ്‌കൂളുകളില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് എഡ്യൂക്കേഷന്‍ കമ്മിറ്റി /മുന്‍സിപ്പല്‍ എഡ്യൂക്കേഷന്‍ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. സ്‌കൂള്‍തല ജാഗ്രതാ സമിതി യോഗങ്ങള്‍ ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ യോഗം നിര്‍ദ്ദേശം നല്‍കി. ജനപ്രതിനിധികള്‍, എസ്.എം.സി , പി.ടി.എ, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ പങ്കാളി ത്തം ഉറപ്പാക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഡി.സി.സികളായി പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയങ്ങള്‍, പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവ വീണ്ടെടുത്ത് ഫയര്‍ഫോഴ്സിന്റെ സഹായത്താല്‍ അണുനശീകരണം നടത്തും.
സ്‌കൂള്‍ കോമ്പൗണ്ടില്‍ ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍, അപകടകരമായ നിലയിലുള്ള മരങ്ങള്‍ എന്നിവ മുറിച്ചു നീക്കുന്നതിനുള്ള അനുമതി ലഭ്യമാക്കുന്നതിന് വിദ്യാലയങ്ങള്‍ തദ്ദേശസ്ഥാപന മേധാവികള്‍ക്ക് അപേക്ഷ നല്‍കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശിച്ചു. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ വിദ്യാലയങ്ങളിലെത്തിക്കുന്നതിനായി പട്ടികവര്‍ഗ്ഗ വകുപ്പ് ഉദ്യോഗസ്ഥര്‍, കമിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാര്‍, പ്രമോട്ടര്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ യോഗം ചേരും. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സ്റ്റുഡന്‍ഡ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി വിളിച്ച് ചേര്‍ക്കാനും യോഗത്തില്‍ തീരുമാനിച്ചു.
കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍, എ.ഡി.എം .എന്‍.ഐ ഷാജു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.എസ്. ബിജു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജയരാജന്‍, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.പി. ദിനീഷ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി ലീല. , ഡയറ്റ് പ്രിന്‍സിപ്പാള്‍ ടി.കെ അബ്ബാസ് അലി., ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുനില്‍കുമാര്‍, എസ്.എസ്.കെ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.ജെ. ബിനേഷ്, ഐ. ടി. ഡി. പി പ്രൊജക്റ്റ് ഓഫീസര്‍ കെ.സി. ചെറിയാന്‍, പൊതുവിദ്യാഭ്യാസ – സംരക്ഷണയജ്ഞം കോ-ഓര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.