പിടിച്ചുപറി; കോഴിക്കോട് സ്വദേശി വയനാട്ടില്‍ പിടിയില്‍
കോഴിക്കോട് ഓമശ്ശേരി മരക്കാടന്‍ കുന്ന് മംഗലശ്ശേരി വീട്ടില്‍ നാസറിനെയാണ് സുല്‍ത്താന്‍ ബത്തേരി പോലീസ് സാഹസികമായി പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ടോടെ ബത്തേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തായിരുന്നു കേസിനാസ്പദമായ സംഭവം. ചീരാല്‍ റോഡിലേക്ക് നടന്നു പോകുകയായിരുന്ന ചീയമ്പം പാമ്പ്ര സ്വദേശിയായ വയോധികന്റെ പോക്കറ്റിലുണ്ടായിരുന്ന ആയിരം രൂപ തട്ടിപ്പറിച്ചു നാസര്‍ കടന്നു കളയുകയായിരുന്നു. വയോധികന്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നാസര്‍ പിടിയിലായത്. സി.സി.ടി.വിയുടേയും മറ്റും സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ച കോട്ടക്കുന്നു ഭാഗത്തുനിന്നാണു പോലീസ് നാസറിനെ കസ്റ്റഡിയിലെടുത്തത്. പോലീസിനെ കണ്ട് ഓടിയ ഇയാളെ പിന്തുടര്‍ന്ന് സാഹസികമായി പിടികൂടുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരി സ്റ്റേഷന്‍ എസ്.ഐ സി.എം സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാസറിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.