ബഫര്‍ സോണ്‍: ഫീല്‍ഡ് പരിശോധനക്ക് വിദഗ്ധ സമിതിയെ നിയോഗിച്ചു

0

സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം ബഫര്‍ സോണുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും പരിശോധനക്കുമായി കേരളം വിദഗ്ധ സമിതി രൂപീകരിച്ചു.നടപടി സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം.വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റ് നിര്‍മ്മാണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഫീല്‍ഡ് പരിശോധന നടത്തുന്നതുമാണ് വിദഗ്ധ സമിതി.ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ സമിതിയില്‍ പരിസ്ഥിതി വകുപ്പിലെയും തദ്ദേശസ്വയം ഭരണ വകുപ്പിലെയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ വനം വകുപ്പ് മേധാവി ജയിംസ് വര്‍ഗീസും അംഗങ്ങളാണ്. വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റ് നിര്‍മ്മാണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഫീല്‍ഡ് പരിശോധന നടത്തുന്നതുമാണ് വിദഗ്ധ സമിതിയുടെ ചുമതല. സമിതിയ്ക്ക് സാങ്കേതിക സഹായം നല്‍കുന്നതിനായി സാങ്കേതിക വിദഗ്ധരുടെ ഒരു സമിതിയും രൂപീകരിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് & എന്‍വിയോണ്‍മെന്റല്‍ സെന്റര്‍ നേരത്തെ തയ്യാറാക്കി സമര്‍പ്പിച്ച ഫീല്‍ഡ് റിപ്പോര്‍ട്ട് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിശോധിച്ച് ആവശ്യമായ ഫീല്‍ഡ് പരിശോധനയും നടത്തിയ ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് സുപ്രീംകോടതിയ്ക്ക് സമര്‍പ്പിക്കുക. ഒരു കിലോ മീറ്റര്‍ ബഫര്‍ സോണ്‍ വരുന്ന മേഖലകളിലെ ജനസാന്ദ്രതയും ബഫര്‍ സോണ്‍ നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും സുപ്രീംകോടതിയെ ധരിപ്പിക്കാന്‍ സമിതിയുടെ റിപ്പോര്‍ട്ട് ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് വനം മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.

ബഫര്‍ സോണില്‍ രണ്ട് ദേശീയ ഉദ്യാനങ്ങള്‍ക്കു ഇളവ്

അതിനിടെ, സുപ്രീംകോടതി പ്രഖ്യാപിച്ച ബഫര്‍ സോണില്‍ രണ്ട് ദേശീയ ഉദ്യാനങ്ങള്‍ക്കു ഇളവ് ലഭിച്ചു. സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനത്തിനും താനെ ക്രീക് ഫ്‌ലാമിങ്ങോ വന്യമൃഗ കേന്ദ്രത്തിനുമാണ് ഇളവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ജൂണ്‍ മൂന്നിലെ സുപ്രീംകോടതി വിധി അനുസരിച്ച് സംരക്ഷിത ഉദ്യാനങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ പ്രഖ്യാപിച്ചിരുന്നു. ഈ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനം ഉള്‍പ്പെടെ തടഞ്ഞിരുന്നു. വിധിയില്‍ വ്യക്തത നേടി മഹാരാഷ്ട്രയിലെ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഈക്കാര്യം വ്യക്തമാക്കിയത്. നേരത്തെ വിധിക്കെതിരെ കേരളം പുനപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. വിധിയില്‍ വ്യക്തത തേടി കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. പുതിയതായി രണ്ട് പ്രദേശങ്ങളെയും ഒഴിവാക്കിയ വിധിയുടെ ആനുകൂല്യം കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാകുമെന്നാണ് നിയമവൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!