പട്ടയം ലഭിച്ച ഭൂരഹിതരായ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് അതിവേഗത്തില്‍ വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി നിര്‍മ്മിച്ച 44 വീടുകളുടെ താക്കോല്‍ വിതരണം, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ലാന്‍ഡ് ബാങ്ക് പദ്ധതിയിലുള്‍പ്പെടുത്തി 20 കുടുംബങ്ങള്‍ക്ക് വാങ്ങിയ സ്ഥലത്തിന്റെ പട്ടയം വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മീനങ്ങാടി മൂന്നാനക്കുഴി സബര്‍മതി നഗറില്‍ 10 സെന്റ് സ്ഥലത്ത് വൈദ്യുതി, കുടിവെള്ളം മറ്റനുബന്ധ സൗകര്യങ്ങളോടെയാണ് വീടുകള്‍ നിര്‍മ്മിച്ചത്. ഭൂരഹിതര്‍ക്ക് നല്‍കിയ ഭൂമിയുടെ രേഖകള്‍ സൂക്ഷ്മതയോടെ സൂക്ഷിക്കണമെന്നും പട്ടയം ലഭിച്ച കുടുംബങ്ങള്‍ക്കും വീട് നിര്‍മ്മിക്കാന്‍ എഗ്രിമെന്റ് വെക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജൂണ്‍ രണ്ടിന് സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് ഉന്നതികളിലെ എല്ലാ കുട്ടികളെയും വിദ്യാലയങ്ങളിലേക്ക് എത്തിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. ഓരോരുത്തരുടെയും ഉയര്‍ച്ച മികവുറ്റ വിദ്യാഭ്യാസത്തിലൂടെയാണ്. അര്‍ഹരായ എല്ലാവര്‍ക്കും ആനുകൂല്യങ്ങള്‍ ഉറപ്പാക്കാന്‍ വിവിധ മേഖലകളില്‍ സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. ഉന്നതിയില്‍ സ്ഥാപിച്ച സോളാര്‍ വിന്റ് മില്ലിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ ഡിആര്‍ മേഘശ്രീ സോളാര്‍ ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. രേണുരാജ് ആധാരം വിതരണം ചെയ്തു. ഐസി ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായ പരിപാടിയില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെഇ വിനയന്‍, ശ്രേയസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ ഡേവിഡ് ആലുങ്കല്‍, മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെപി നുസ്രത്ത്, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരന്‍, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത ശശി, മീനങ്ങാടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ബേബി വര്‍ഗീസ്, പി വാസുദേവന്‍, ഉഷ രാജേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന വിജയന്‍, ഗ്രാമപഞ്ചായത്തംഗം അംബിക ബാലന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.