സംസ്ഥാന മ്യൂസിയം വകുപ്പിനു കീഴിലുള്ള നിര്‍ദ്ദിഷ്ട കുങ്കിച്ചിറ പൈതൃക മ്യൂസിയത്തിന്റെ അവശേഷിക്കുന്ന ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ മ്യൂസിയം- തുറമുഖം- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഒന്നാംഘട്ടം ജോലികള്‍ പൂര്‍ത്തിയായ മ്യൂസിയത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മ്മാണ പുരോഗതി അവലോകനം ചെയ്യുന്നതിനായി സുല്‍ത്താന്‍ ബത്തേരി കെ.ടി.ഡി.സി ഹോട്ടലില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രിയുടെ ഇടപെടല്‍.
കുങ്കിച്ചിറ പൈതൃക മ്യൂസിയം നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകാതെ കിടക്കുന്നതിനെതിരെ ആക്ഷേപമുയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. മ്യൂസിയത്തിന്റെ അവശേഷിക്കുന്ന ജോലികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കണമെന്ന് മന്ത്രി അവലോകന യോഗത്തില്‍ ഉദ്യോഗ്സ്ഥര്‍്ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ലിഫ്റ്റ്, അഗ്നിശമന സംവിധാനം, വൈദ്യുതി കണക്ഷന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കി മ്യൂസിയം പ്രദര്‍ശന സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി കേരള മ്യൂസിയത്തിന് കൈമാറണം.
സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തിനു മുമ്പായി മ്യൂസിയം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ മ്യൂസിയം സൂപ്രണ്ട് പ്രിയരാജന്‍, സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി ജനാര്‍ദ്ദനന്‍, ഡെപ്യൂട്ടി കലക്ടര്‍ കെ. അജീഷ്, മാനന്തവാടി തഹസില്‍ദാര്‍ ജോസ്‌പോള്‍ ചിറ്റിലപ്പള്ളി, ബന്ധപ്പെട്ട എജന്‍സി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.